
തിരുവനന്തപുരം: ഡൽഹി സംസ്ഥാനത്താകെ അരവിന്ദ് കേജ്രിവാൾ നടത്തുന്ന തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ ബിജെപി പ്രവർത്തകൻ അരവിന്ദ് കെജ്‌രിവാളിനെ ആക്രമിച്ചത് രാഷ്ട്രീയ ഗുഡാലോചനയാണെന്ന് ആം ആദ്മി പാർട്ടി സംസ്ഥാന രാഷ്ട്രീയ കാര്യ സമിതിയംഗം മെൽവിൻ വിനോദ് അഭിപ്രായപെട്ടു. ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിനെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് ആം ആദ്മി പാർട്ടി തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഏജീസ് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡൽഹിയിൽ അരവിന്ദ് കെജ്‌രിവാൾ നടത്തുന്ന തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ അരവിന്ദ് കെജ്‌രിവാളിന് ലഭിക്കുന്ന വർദ്ധിച്ച ജന പിന്തുണയാണ് ബിജെപിയെ അസ്വസ്ഥമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇ.ഡിയേയും, സി.ബി.ഐയെയും കൊണ്ട് വേട്ടയാടി തളർന്ന ബി.ജെ.പി ഇപ്പോൾ അരവിന്ദ് കേജ്രിവാളിനെ ശാരീരികമായി നേരിട്ട് തോല്പിക്കാൻ ശ്രമിക്കുന്നത് രാഷ്ട്രീയ പാപ്പരത്തമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ശാരീരികമായും, ഈഡിയേയും, സി.ബി.ഐയെയും കൊണ്ടും അരവിന്ദ് കെജ്‌രിവാളിനെ ഭീഷണിപ്പെടുത്തി ആം ആദ്മി പാർട്ടിയുടെ രാഷ്ട്രീയ കുതിപ്പ് തടയാമെന്ന് ബിജെപി വ്യാമോഹിക്കാനാണ്ടായെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി. ആം ആദ്മി പാർട്ടി തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് പ്രൊഫ. ഡോ: എ.ഒ.റോയ് അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ അലിം കൈരളി, ജില്ലാ കമ്മിറ്റി അംഗം ഡോ: മുഹമ്മദ് അലി എന്നിവർ സംസാരിച്ചു.
പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നും ആരംഭിച്ച പ്രതിഷേധ റാലി എ.ജീസ് ഓഫീസിനു മുന്നിൽ സമാപിച്ചു. ആം ആദ്മി പാർട്ടി സജീവ പ്രവർത്തകരായ, നെടുമങ്ങാട് മണ്ഡലം പ്രസിഡൻ്റ് അജിദാസ്, വനിതാ ജില്ലാ കമ്മിറ്റി അംഗം ശുഭാ സജയ്, ജില്ലാ കമ്മിറ്റി അംഗം സബീർ അബ്ദുൽ റഷീദ്, സുമൽരാജ്, സമിൻ സത്യദാസ്, സന്തോഷ് ചിറയിൻകീഴ്, സജയ്, ഹേമരാജ്, എന്നിവർ പങ്കെടുത്തു.


