തിരുവനന്തപുരം: തിരുവനന്തപുരം ശിശുക്ഷേമ സമിതിയിൽ രണ്ടര വയസുകാരിക്ക് നേരെ ഉണ്ടായ ആക്രമണത്തിന് പിന്നാലെ കൂടുതൽ വെളിപ്പെടുത്തലുമായി മുൻ ജീവനക്കാരി. കുട്ടികളെ ആയമാർ സ്ഥിരമായി ഉപദ്രവിക്കാറുണ്ടെന്നാണ് പുറത്തു വരുന്ന വിവരം.
ഉറക്കത്തിൽ മൂത്രം ഒഴിക്കുന്ന കുട്ടികളെ ആയമാർ സ്ഥിരമായി ഉപദ്രവിക്കാറുണ്ടെന്നും ജനനേന്ദ്രിയത്തിൽ ഉപദ്രവിക്കുന്നത് സ്ഥിരമാണെന്നുമാണ് മുൻ ആയ പറയുന്നത്. ഇതിനെതിരെ പരാതി പറഞ്ഞാലും ആരും തിരിഞ്ഞു നോക്കാറില്ല. മാത്രമല്ല പരാതി പറഞ്ഞു കഴിഞ്ഞാൽ ഇവരെ ഒറ്റപ്പെടുത്തുന്ന അവസ്ഥയാണ് അവിടെ ഉള്ളതെന്നുമാണ് ഇവർ പറയുന്നത്.
കഴിഞ്ഞ ദിവസമാണ് രണ്ടര വയസ്സുകാരിയുടെ ജനനേന്ദ്രിയത്തിൽ ആയമാർ മുറിവേൽപ്പിച്ച സംഭവം പുറത്തറിയുന്നത്. ഏകദേശം ഒരാഴ്ച മുൻപാണ് കേസിനാസ്പദമായ സംഭവം നടന്നത്. കഴിഞ്ഞ ദിവസം കുഞ്ഞിനെ മറ്റൊരു ആയ കുളിപ്പിച്ചപ്പോള്‍ കുഞ്ഞ് വല്ലാതെ കരഞ്ഞിരുന്നു. സംശയം തോന്നിയ ജീവനക്കാര്‍ ഉടന്‍ തന്നെ ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറിയെ വിവരമറിയിച്ചു. ഇവർ ഉടൻ തന്നെ കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തടുർന്ന് കുഞ്ഞിനെ പരിശോധിച്ചപ്പോഴാണ് ജനനേന്ദ്രിയത്തില്‍ ഗുരുതര പരുക്കുണ്ടെന്ന് മനസിലാക്കിയത്. സംഭവത്തിൽ ആയമാരായ അജിത , മഹേശ്വരി, സിന്ധു എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.