പോത്തൻകോട് : മംഗലാപുരം പാട്ടത്തിൽ ഗവൺമെൻറ് എൽ. പി എസ്സിൽ വി ശശി എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 50ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിച്ച, പാചകപ്പുരയും ഊണു് മുറിയും സ്റ്റോറും ഉൾപ്പെടുന്ന ബഹു നില മന്ദിരത്തിന്റെ ഉദ്ഘാടനം വി. ശശി എം.എൽ.എനിർവഹിച്ചു.
ജില്ലയിലെ ഏറ്റവും മികച്ച ഗാന്ധി ദർശൻ വിദ്യാലയം എന്ന പേരിനെ അന്വർത്ഥമാക്കുന്ന തരത്തിലുള്ള പ്രകൃതി സൗഹൃദ പ്രവർത്തനങ്ങളും, സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങളും, സ്കൂൾ ഏറ്റെടുത്ത് നടത്തി വരുന്നത് മറ്റുള്ളവർക്ക് മാതൃകയാക്കാമെന്നും അക്കാദമിക രംഗത്ത് കൈവരിച്ച നേട്ടങ്ങൾ കൊണ്ടും ഭൗതിക സൗകര്യ മികവുകൾ കൊണ്ടും ജില്ലയിലെ മികച്ച പൊതു വിദ്യാലയങ്ങളിലൊന്നായി സ്കൂൾ വളർന്നുവരുന്നതിൽ അഭിമാനം കൊള്ളണമെന്നും എം.എൽ.എ പറഞ്ഞു.
എൽ.എസ്.എസ് വിജയികൾക്കുള്ള സർട്ടിഫിക്കറ്റും ഉപഹാരവും എം.എൽ.എ വിതരണം ചെയ്തു. സ്കൂളിലെ ആദ്യകാല വിദ്യാർത്ഥിയായിരുന്ന എസ്. സുന്ദരേശൻ,പാട്ടം വാർഡ് മെമ്പർ ശ്രീലത, കോൺട്രാക്ടർ ബിജു എന്നിവരെ ചടങ്ങിൽ ആദരിച്ചു.
എം.എൽ.എ സകൂളിന് അനുവദിച്ചു നൽകിയ പ്രാദേശിക വികസന ഫണ്ടുകളാണ് സ്കൂളിന്റെ ഭൗതിക മികവിന് കാരണമെന്ന് മംഗലപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റും, യോഗത്തിന്റെ അധ്യക്ഷയുമായ സുമ ഇടവിളാകം പറഞ്ഞു.
1946 ൽ ആരംഭിച്ച സ്കൂളിന് സൗജന്യമായി ഭൂമി വിട്ടു നൽകിയ വിദ്യാധരൻ മുതലാളിയുടെ മകൻ വി. രാജീവ്, സ്കൂൾ വികസന ഫണ്ടിലേക്ക് അൻപതിനായിരം രൂപ സംഭാവന നൽകി.
മംഗലപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി. മുരളീധരൻ നായർ, ആരോഗ്യ -വിദ്യാഭ്യാസ കമ്മിറ്റി ചെയർപേഴ്സൺ കെ.പി ലൈല, ക്ഷേമകാര്യ കമ്മിറ്റി ചെയർമാൻ സുനിൽ മുരുക്കും പുഴ, പഞ്ചായത്ത് അംഗങ്ങളായ എസ്. ശ്രീലത, എസ്.ജയ, തോന്നയ്ക്കൽ രവി, ജുമൈലാബീവി കരുണാകരൻ , ബിന്ദു ബാബു, കണിയാപുരം എ.ഇ.ഒ ആർ.എസ്. ഹരികൃഷ്ണൻ, സീനിയർ അസിസ്റ്റൻറ് ബീന.ബി, എസ്എംസി ചെയർമാൻ ജയ്മോൻ, വികസന കമ്മറ്റി ചെയർമാൻ സിദ്ദീഖ്. എ, വി രാജീവ്, പ്രതീഷ്, അജിത് കുമാർ എന്നിവർ സംസാരിച്ചു. പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ നസ്റിൻ, അസിസ്റ്റൻറ് എൻജിനീയർ അജിൻ എന്നിവർ പങ്കെടുത്തു.