കഴക്കൂട്ടം : പെൻഷൻ സംരക്ഷണത്തിനായി അദ്ധ്യാപക സർവീസ് സംഘടനാ സമര സമിതിയുടെ നേതൃത്വത്തിൽ ഡിസംബർ 10,11 തീയതികളിൽ സെക്രട്ടറിയേറ്റ് നടയിൽ സംഘടിപ്പിക്കുന്ന 36 മണിക്കൂർ രാപ്പകൽ സത്യാഗ്രഹ സമരത്തിന്റെ പ്രചാരണാർത്ഥം ഓഫീസ് സമുച്ചയങ്ങൾ കേന്ദ്രീകരിച്ച് സംഘടിപ്പിച്ച വിശദീകരണ യോഗങ്ങളിൽ അദ്ധ്യാപകരുടെയും ജീവനക്കാരുടെയും വർദ്ധിച്ച പങ്കാളിത്തമാണ് ലഭിക്കുന്നത്.
“പങ്കാളിത്ത പെൻഷൻ പിൻവലിക്കാനുള്ള സർക്കാർ തീരുമാനം നടപ്പിലാക്കി പഴയ പെൻഷൻ പുന:സ്ഥാപിക്കുക, പന്ത്രണ്ടാം ശമ്പള പരിഷ്കരണ നടപടികൾ ആരംഭിക്കുക, മെഡിസെപ്പ് സർക്കാർ ഏറ്റെടുക്കുക, ക്ഷാമബത്ത-ശമ്പള പരിഷ്കരണ കുടിശ്ശിക പൂർണ്ണമായും അനുവദിക്കുക, ലീവ് സറണ്ടർ മരവിപ്പിച്ച നടപടി പിൻവലിക്കുക, കേന്ദ്രസർക്കാരിന്റെ കേരളത്തോടുള്ള സാമ്പത്തിക വിവേചനം അവസാനിപ്പിക്കുക” എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് അദ്ധ്യാപകരും ജീവനക്കാരും ഡിസംബർ 10,11 തീയതികളിൽ 36 മണിക്കൂർ “രാപ്പകൽ സത്യാഗ്രഹ സമരം” സെക്രട്ടറിയേറ്റ് നടയിൽ സംഘടിപ്പിക്കുന്നത്.
ജോയിന്റ് കൗൺസിൽ കഴക്കൂട്ടം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കഴക്കൂട്ടം മേഖലയുടെ കീഴിൽ വരുന്ന കഴക്കൂട്ടം, കഠിനംകുളം, ആറ്റിപ്ര, മേനംകുളം, പോത്തൻകോട് മിനി സിവിൽ സ്റ്റേഷൻ, ശ്രീകാര്യം, തോന്നയ്ക്കൽ, അണ്ടൂർക്കോണം, മംഗലപുരം എന്നിവിടങ്ങളിലെ വിവിധ ഓഫീസ് സമുച്ചയങ്ങൾ കേന്ദ്രീകരിച്ച് വിശദീകരണ ക്യാമ്പയിൻ സംഘടിപ്പിച്ചു.
കഴക്കൂട്ടം ബ്ലോക്ക് ഓഫീസിൽ ജോയിന്റ് കൗൺസിൽ നോർത്ത് ജില്ലാ സെക്രട്ടറി സതീഷ് കണ്ടല കഴക്കൂട്ടം മേഖലാതല ക്യാമ്പയിൻ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. മേഖലാ സെക്രട്ടറി ചന്ദ്രൻ എ.കെ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം വി.ബാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ വൈസ് പ്രസിഡന്റ് അരുൺജിത്ത് എ.ആർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ചന്ദ്രബാബു, എസ്.സജികുമാർ, മേഖലാ വൈസ് പ്രസിഡന്റ് വിനോദ് എസ്, ജോയിന്റ് സെക്രട്ടറി ലോയൽ എസ്, ട്രഷറർ കിരൺ എസ്.ആർ, മേഖലാ വനിതാ കമ്മിറ്റി സെക്രട്ടറി ഷീല എസ്, മറ്റു ഭാരവാഹികളായ അനിൽകുമാർ എൽ, എസ് അജി, ആർ പ്രദീപ്, ഉണ്ണികൃഷ്ണൻ, പ്രവീൺ ആർ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ നടന്ന ക്യാമ്പയിൻ പരിപാടികളിൽ സംസാരിച്ചു.