ശ്രീഹരിക്കോട്ട: ഐ എസ് ആർ ഒയുടെ നെറുകയിൽ ഒരു പൊൻ തൂവൽ കൂടി. പ്രോബ-3 വിക്ഷേപണം ഐഎസ്ആര്‍ഒ വിജയകരമായി പൂര്‍ത്തിയാക്കി. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സ്റ്റേഷനില്‍ നിന്നായിരുന്നു വിക്ഷേപണം. കൊറോണഗ്രാഫ്, ഒക്യുല്‍റ്റര്‍ എന്നിങ്ങനെ രണ്ട് കൃത്രിമ ഉപഗ്രഹങ്ങളുമായാണ് പ്രോബ കുതിച്ചത്. ഇന്ന് വൈകുന്നേരം നാല് മണിക്കായിരുന്നു വിക്ഷേപണം.
യൂറോപ്യൻ ബഹിരാകാശ ഏജൻസിക്ക് വേണ്ടിയുള്ള ഐഎസ്ആർഒയുടെ വാണിജ്യ ബഹിരാകാശ ദൗത്യമാണ് പ്രോബ-3 ബഹിരാകാശ പേടകം. ഇന്നലെയായിരുന്നു വിക്ഷേപണം നടത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ ചില സാങ്കേതിക പ്രശ്നങ്ങൾ കാരണം വിക്ഷേപണം ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
വിക്ഷേപണത്തിന്‍റെ നാല് ഘട്ടങ്ങളും വിജയമാക്കാന്‍ ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിക്കായി. സൂര്യന്റെ അന്തരീക്ഷത്തിലെ ഏറ്റവും പുറമേയുള്ള (കൊറോണ) പ്രഭാവലയത്തെക്കുറിച്ച് പഠിക്കാനുള്ള ഏറ്റവും പുതിയ ദൗത്യമാണ് പ്രോബ-3.