
തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ ഭിന്നശേഷിക്കാരനായ വിദ്യാർത്ഥിയെ യൂണിയൻ റൂമിൽ വെച്ച് മർദ്ദിച്ച സംഭവത്തിൽ പ്രതികളെ പിടികൂടാനാകാതെ പോലീസ്. ഇതുവരെയും കോളേജ് അധികൃതർ പ്രതികൾക്കെതിരെ നടപടി എടുത്തില്ലെന്നും ആക്ഷേപമുണ്ട്. സംഭവം നടന്നിട്ട് ഒരാഴ്ച പിന്നിടുകയാണ്.
പ്രതികളെല്ലാം ഒളിവിലാണെന്നാണ് കൻൺമെന്റ് പൊലീസിന്റെ വിശദീകരണം. അതെ സമയം സംഭവത്തിൽ ഫലപ്രദമായ അന്വേഷണം നടത്തി ജില്ലാ പൊലീസ് മേധാവി ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് അറിയിച്ചു. വിദ്യാർത്ഥിയുടെ ആരോപണത്തിൽ കോളേജ് വിദ്യാഭ്യാസ ഡയറക്ടറും അന്വേഷണം നടത്തണമെന്ന് നിർദേശമുണ്ട്.
പൂവച്ചൽ സ്വദേശി മുഹമ്മദ് അനസിനെയും സുഹൃത്തിനെയുമാണ് യൂണിറ്റ് ഭാരവാഹികൾ ഭീഷണിപ്പെടുത്തുകയും മർദിക്കുകയും ചെയ്തത്. മൂന്നാം വർഷ വിദ്യാർത്ഥിയാണ് അനസ്. അനസിനു രണ്ട് കാലിലും വിരലുകളിളില്ല. മാത്രമല്ല ഒരു കാലിന് സ്വാധീനക്കുറവുമുണ്ട്. കൊടിയ പീഡനമാണ് തനിക്ക് നേരിടേണ്ടി വന്നതെന്നാണ് അനസ് പറയുന്നത്.


