
കോഴിക്കോട്: എംടി വാസുദേവൻ നായര്‍ അതീവ ഗുരുതരാവസ്ഥയിൽ. ആശുപത്രി അധികൃതര്‍ പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. ആരോഗ്യ നില ഗുരുതരമാണെന്നും ഹൃദയസ്തംഭനം ഉണ്ടായെന്നുമാണ് ബുള്ളറ്റിനിൽ പറയുന്നത്.
ബേബി മെമ്മോറിയല്‍ ആശുപത്രിയാണ് മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കിയത്. നിലവിൽ കാര്‍ഡിയോളജി വിഭാഗത്തിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം ചികിത്സ നല്‍കിവരികയാണ്.വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് അദ്ദേഹം ഏറെ നാളായി ചികിത്സയിലാണ്.
ശ്വസന, ഹൃദയ സംബന്ധമായ അസുഖങ്ങൾക്ക് പുറമെ ശരീരത്തിന്‍റെ മറ്റു അവയവങ്ങളുടെ പ്രവർത്തനവും മോശമായതായി ഡോക്ടർമാർ അറിയിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഡോക്‌ടർമാരുടെ വിദഗ്ധ സംഘം അദ്ദേഹത്തെ നിരീക്ഷിച്ചു വരികയാണ്. കഴിഞ്ഞ അഞ്ചു ദിവസമായി അദ്ദേഹം ചികിത്സയിൽ തുടരുകയായിരുന്നു.


