
ഡൽഹി: എംടി വാസുദേവൻ നായരുടെ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും. മലയാള രാഷ്ട്രീയത്തിലെയും സിനിമയിലെയും ഏറ്റവും ബഹുമാനിക്കപ്പെടുന്ന വ്യക്തിത്വമാണ് എം ടി എന്ന് പ്രധാനമന്ത്രി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മനുഷ്യ വികാരങ്ങളുടെ ഗാഢമായ പര്യവേക്ഷണം ആയിരുന്നു എം ടിയുടെ കൃതികളെന്നും തലമുറകളെ രൂപപ്പെടുത്തുന്നതില്‍ പങ്കുവഹിച്ചുവെന്നും ഇനി വരുന്ന തലമുറകളെയും സ്വാധീനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സാഹിത്യത്തിലും സിനിമയിലും നികത്താനാവാത്ത ശൂന്യതയാണ് എംടി വാസുദേവൻ നായരുടെ വിയോഗത്തിലൂടെ സംഭവിച്ചിരിക്കുന്നതെന്നാണ് രാഹുൽ ഗാന്ധി പറഞ്ഞത്. അദ്ദേഹത്തിന്‍റെ കൃതികള്‍ ഇനിയും തലമുറകളെ പ്രചോദിപ്പിക്കും. എംടിയുടെ കഥകളെല്ലാം കേരളത്തിന്‍റെ സംസ്കാരവും മനുഷ്യ വികാരങ്ങളും നിറഞ്ഞുനിൽക്കുന്നവയായിരുന്നു. തലമുറകളെയാണ് അവ പ്രചോദിപ്പിച്ചതെന്നും രാഹുൽ ഗാന്ധി കുറിച്ചു.


