
തിരുവനന്തപുരം: വർക്കലയിൽ ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം. ബന്ധുക്കളും നാട്ടുകാരും മൃതദേഹവുമായി വര്‍ക്കല പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധിക്കുകയാണ്. ലഹരി മാഫിയക്കെതിരെ പരാതി നല്‍കിയ വൈരാഗ്യത്തിലായിരുന്നു കൊലപാതകം. എന്നാൽ ലഹരിമാഫിയക്കെതിരെ വ്യക്തമായ പരാതി നൽകിയിട്ടും പോലീസ് നടപടിയെടുത്തിട്ടില്ലെന്ന് ആരോപിച്ചാണ് പ്രതിഷേധം.
ക്രിസ്തുമസ് രാത്രിയിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. വർക്കല താഴെവെട്ടൂർ ചരുവിളവീട്ടിൽ ഷാജഹാനാണ് വെട്ടേറ്റ് മരിച്ചത്. താഴെവെട്ടുർ പള്ളിക്ക് സമീപത്ത് വച്ചായിരുന്നു സംഭവം നടന്നത്. സംഭവത്തിൽ ഒരാളെ പൊലീസ് പിടികൂടി. ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നംഗ സംഘം താഴെവെട്ടൂർ പള്ളിക്ക് സമീപത്ത് ലഹരിപദാർത്ഥങ്ങൾ ഉപയോഗിക്കുന്നത് ഷാജഹാൻ പൊലീസിനെ അറിയിച്ചിരുന്നു. ഇതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.


