ഡൽഹി: മുൻ പ്രധാനമന്ത്രി ഡോ മൻമോഹൻ സിങിന് വിട ചൊല്ലി രാജ‍്യം. മന്‍മോഹന്‍ സിംഗിന്റെ സംസ്കാരം നാളെ നടക്കും. വിദേശത്തുള്ള മകള്‍ മടങ്ങിയെത്തിയ ശേഷമാണ് ചടങ്ങുകൾ നടക്കുക. പൂർണ ഔദ‍്യോഗിക ബഹുമതികളോടെയായിരിക്കും സംസ്കാരം നടത്തുക. ഭൗതികശരീരം ഡൽഹി ജൻപതിലെ വസതിയിൽ എത്തിച്ചു. ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്തും പൊതുദർശനമുണ്ടാകും. സമയക്രമത്തില്‍ തീരുമാനം പിന്നീട് അറിയിക്കും.
രാജ്യത്ത് സർക്കാർ ഏഴ് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. കൂടാതെ അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിംഗിനോടുള്ള ആദരസൂചകമായി കോൺഗ്രസ് പാർട്ടി ആഹ്വാനം ചെയ്തിട്ടുള്ള ഏഴ് ദിവസത്തെ എല്ലാ പരിപാടികളും പ്രക്ഷോഭങ്ങളും റദ്ദാക്കിയതായി എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി അറിയിച്ചു.
സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാർജുൻ ഖർഗെ അടക്കമുള്ള നേതാക്കൾ മൻമോഹൻ സിംഗിന്റെ വസതിയിൽ എത്തി അന്തിമോപചാരം അർപ്പിച്ചിരുന്നു.