
മംഗലപുരം: ബിജെപി യിൽ ചേർന്ന സി പി എം മംഗലപുരം മുൻ ഏര്യാ സെക്രട്ടറി മധു മുല്ലശ്ശേരിക്കെതിരെ ജാമ്യമില്ലാ വകുപ്പുകളിൽ കേസെടുത്ത് മംഗലപുരം പോലീസ്. സി പി എം നൽകിയ പരാതിയിലാണ് കേസെടുത്തത്. തട്ടിപ്പ്, വിശ്വാസവഞ്ചന എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. ഈ കഴിഞ്ഞ ഡിസംബർ ഒന്നിനാണ് ഏര്യാ സെക്രട്ടറിയായിരുന്ന മധുമുല്ലശ്ശേരി ഏര്യാ സമ്മേളനത്തിൽ നിന്നും ഇറങ്ങിപ്പോയത്. വീണ്ടും ഏരിയാ സെക്രട്ടറി ആക്കാത്തതിനെ തുടർന്നായിരുന്നു സമ്മേളനത്തിൽ നിന്നും ഇറങ്ങി പോയത്.തുടർന്ന് ബി ജെ പിയിൽ ചേർന്ന മധുമുല്ലശ്ശേരിക്കെതിരെ സി പി എം പോലീസിൽ പരാതി നൽകിയിരുന്നു.
പോത്തൻകോട് നടന്ന സമ്മേളത്തിന് മൈക്ക് സെറ്റ്, പന്തൽ, അലങ്കാരം തുടങ്ങിയവയ്ക്ക് ബാക്കി നൽകേണ്ട പണം നൽകിയില്ലെന്ന് കരാറുകാർ പരാതിപ്പെട്ടതോടെ നിലവിലെ ഏര്യാ സെക്രട്ടറി ജലീൽ ആറ്റിങ്ങൽ ഡിവൈഎസ്പി യ്ക്ക് പരാതി നൽകിയിരുന്നു. പിന്നീട് മംഗലപുരം ഏര്യായിലെ പത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറിമാർ മംഗലപുരം പോലീസിലും പരാതി നൽകി.പക്ഷേ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നില്ല. പിന്നിട് രാഷ്ട്രീയ സമ്മർദ്ദത്തെ തുടർന്നാണ് ഇപ്പോൾ കേസ് രജിസ്റ്റർ ചെയ്തത്.
ഏര്യാ സമ്മേളന നടത്തിപ്പിനായി 129 ബ്രാഞ്ചുകൾ 2500 രൂപ വീതം പിരിച്ച് മൂന്നേകാൽ ലക്ഷം രൂപ ലോക്കൽ കമ്മിറ്റി വഴി ഏര്യാ സെക്രട്ടറിയായ മധുവിന് നൽകിയിരുന്നു.ഇതു കൂടാതെ പല വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും മധു ലക്ഷങ്ങളുടെ പണപ്പിരിവ് നടത്തിയെന്നും പരാതിയിലുണ്ട്.


