
കൊച്ചി: ഉമ തോമസ് എം എൽ എയുടെ ആരോഗ‍്യനിലയിൽ പുരോഗതി. ഉമ തോമസ് കണ്ണ് തുറന്നെന്നും ഡോക്‌ടർമാരോടും മകനോടും പ്രതികരിച്ചെന്നും മെഡിക്കൽ സംഘം പറഞ്ഞു. ഇന്നെടുത്ത എക്സ് റേ യിൽ നേരിയ പുരോഗതി വന്നിട്ടുണ്ട്. കാലുകൾ അനക്കിയും, ചിരിച്ചുകൊണ്ട് മകന്റെ കൈകൾ പിടിച്ചതുമെല്ലാം എംഎൽഎയുടെ ആരോഗ്യസ്ഥിതിയിൽ പുരോഗതിയാണെന്ന് ഡോക്ടർമാർ പറഞ്ഞു.
നിലവിൽ ബ്രോങ്കോ സ്കോപ്പ് ചെയ്യേണ്ട ആവശ്യം ഇല്ലെന്ന് കൊച്ചി റിനൈ മെഡിസിറ്റി മെഡിക്കൽ ഡയറക്ടർ ഡോക്ടർ കൃഷ്ണനുണ്ണി പോളക്കുളത്ത് വ്യക്തമാക്കി. അതെ സമയം ശ്വാസകോശത്തിലെ പരിക്ക് വെല്ലുവിളിയാണ്. ഗുരുതരാവസ്ഥ മാറണമെങ്കിൽ വെന്‍റിലേറ്ററിൽ നിന്ന് മാറ്റി 24 മണിക്കൂര്‍ നിരീക്ഷിക്കേണ്ടതുണ്ട്.
ഇന്‍ഫെക്ഷൻ കുറഞ്ഞോയെന്ന് ഇപ്പോള്‍ പറയാറായിട്ടില്ല. ശ്വാസകോശത്തിലെ ചതവും അണുബാധയുണ്ടാകാതെ സൂക്ഷിക്കുകയുമാണ് നിലവിലുള്ള വെല്ലുവിളി. നിലവിൽ അണുബാധ കുറവാണെന്നും എന്നാൽ ന്യൂമോണിയ വരാതെ നോക്കേണ്ടതുണ്ട്. പതുക്കെ വെന്റിലേറ്ററിൽ നിന്ന് മാറ്റാനുള്ള ശ്രമങ്ങൾ നടത്തുമെന്നും ഡോക്ടർമാർ അറിയിച്ചു.


