കോട്ടയം: എൻഎസ്എസുമായുള്ള ബന്ധം ആര് വിചാരിച്ചാലും മുറിച്ചുമാറ്റാൻ കഴിയില്ലെന്ന് മുൻപ്രതിപക്ഷ നേതാവും മുതിർന്ന കോൺഗ്രസ് നേതാവുമായ രമേശ് ചെന്നിത്തല. പെരുന്നയിലെ മന്നം ജയന്തി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്നത്ത് പത്മനാഭന്‍ കേരളം കണ്ട ഏറ്റവും വലിയ വിപ്ലവകാരിയാണെന്നും ഉദ്ഘാടകനായി അവസരം നൽകിയതിന് എൻഎസ്എസിനോട് നന്ദി പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മന്നത്ത് പദ്മനാഭൻ കേരളത്തിലാകമാനം പുരോഗതിയുടെ വഴികൾ കാട്ടികൊടുക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും കേരളം ഇന്ത്യയ്ക്ക് സംഭാവന ചെയ്ത മഹാപുരുഷന്മാരിൽ അഗ്രഗണ്യനാണ് മന്നത്തുപത്മനാഭനെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.തന്റെ ജീവിതത്തിലെ നിർണായക ഘട്ടങ്ങളിലെല്ലാം അഭയം തന്നത് എൻഎസ്എസ് ആണെന്നും അദ്ദേഹം വ്യക്തമാക്കി.
മാത്രമല്ല സമുദായത്തെ കരുത്തനായി നയിക്കുന്ന ആളാണ് സുകുമാരൻ നായരെന്നും രമേശ് ചെന്നിത്തല പറഞ്ഞു.പെരുന്നയിലെ മണ്ണുമായി തനിക്ക് വലിയ ആത്മബന്ധമുണ്ടെന്നും അത് ആരു വിചാരിച്ചാലും മുറിച്ചുമാറ്റാന്‍ കഴിയില്ലെന്നും ചെന്നിത്തല പറഞ്ഞു.