ഹൈദരാബാദ് : വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന് തുടർച്ചയായ രണ്ടാം വിജയം. ബിഹാറിനെ 133 റൺസിനാണ് കേരളം തോല്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത കേരളം 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 266 റൺസെടുത്തു. എന്നാൽ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബിഹാർ 133 റൺസിന് ഓൾ ഔട്ടായി.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കേരളത്തിൻ്റെ തുടക്കം തകർച്ചയോടെയായിരുന്നു. 33 റൺസെടുക്കുന്നതിനിടെ കേരളത്തിന് ആനന്ദ് കൃഷ്ണൻ്റെയും രോഹൻ കുന്നുമ്മലിൻ്റെയും കൃഷ്ണപ്രസാദിൻ്റെയും വിക്കറ്റുകൾ നഷ്ടമായി. തുടർന്നെത്തിയ മുഹമ്മദ് അസറുദ്ദീൻ്റെ പ്രകടനമാണ് കേരളത്തെ തകർച്ചയിൽ നിന്ന് കരകയറ്റിയത്.
അബ്ദുൾ ബാസിദിനും ക്യാപ്റ്റൻ സൽമാൻ നിസാറിനുമൊപ്പം അസറുദ്ദീൻ ഉയർത്തിയ കൂട്ടുകെട്ടുകളാണ് കേരളത്തിന് മികച്ച സ്കോർ സമ്മാനിച്ചത്. അബ്ദുൾ ബാസിദ് 35ഉം സൽമാൻ നിസാർ 52ഉം റൺസെടുത്തു. മുഹമ്മദ് അസറുദ്ദീൻ 88 റൺസെടുത്ത് പുറത്തായി. അവസാന ഓവറുകളിൽ 45 പന്തുകളിൽ നിന്ന് 54 റൺസെടുത്ത അഖിൽ സ്കറിയയും കേരള ബാറ്റിങ് നിരയിൽ തിളങ്ങി. ബിഹാറിന് വേണ്ടി പ്രശാന്ത് കുമാർ സിങ്ങും ക്യാപ്റ്റൻ സക്കീബുൾ ഗാനിയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബിഹാറിന് സ്കോർ ബോർഡ് തുറക്കും മുൻപെ ഓപ്പണർ ബിപിൻ സൌരഭിൻ്റെ വിക്കറ്റ് നഷ്ടമായി. 13കാരനായ കൌമാര വിസ്മയം വൈഭവ് സൂര്യവംശി 18 റൺസെടുത്ത് പുറത്തായി. തുടർന്നെത്തിയവർക്കും മികച്ച പ്രകടനം കാഴ്ച വയ്ക്കാനാകാതെ വന്നതോടെ 41.2 ഓവറിൽ 133 റൺസിന് ബിഹാർ ഓൾ ഔട്ടായി. 31 റൺസെടുത്ത ക്യാപ്റ്റൻ സക്കീബുൾ ഗാനിയാണ് ബിഹാറിൻ്റെ ടോപ് സ്കോറർ. കേരളത്തിന് വേണ്ടി ആദിത്യ സർവാടെയും അബ്ദുൾ ബാസിദും മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി