തിരുവനന്തപുരം: രാജ്യത്തെ ഐടി മേഖലയിലെ ഏറ്റവും വലിയ ക്രിക്കറ്റ് ടൂര്‍ണമെന്‍റിന് ടെക്നോപാര്‍ക്കില്‍ തുടക്കമായി. ‘പ്രതിധ്വനി-ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗ്’ (ടിപിഎല്‍) ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.
ടെക്കികളുടെ വിശ്രമരഹിത തൊഴിലിനിടയില്‍ വിനോദം അനിവാര്യമാണ്. അക്കാര്യം തിരിച്ചറിഞ്ഞുള്ള പ്രതിധ്വനിയുടെ ഇടപെടലുകള്‍ അഭിനന്ദനാര്‍ഹമാണെന്ന് മന്ത്രി പറഞ്ഞു.
ഐടി ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനിയുടെ നേതൃത്വത്തില്‍ ഫേവറിറ്റ്സ് ഹോംസുമായി സഹകരിച്ചാണ് ടൂര്‍ണമെന്‍റ് സംഘടിപ്പിക്കുന്നത്.
ചടങ്ങില്‍ മുഖ്യാതിഥിയായ മുന്‍ കേരള ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വി.എ. ജഗദീഷിന്‍റെ പന്ത് നേരിട്ട് കൊണ്ട് മന്ത്രി ബാറ്റ് ചെയ്തത് ടെക്കികള്‍ക്ക് കൗതുകക്കാഴ്ചയായി.
പ്രതിധ്വനി സെക്രട്ടറി വിനീത് ചന്ദ്രന്‍ സ്വാഗതം ആശംസിച്ചു. ടൂര്‍ണമെന്‍റിന്‍റെ ടൈറ്റില്‍ സ്പോണ്‍സറായ ഫേവറിറ്റ് ഹോംസ് പ്രതിനിധികളായ മേരീ ലീന, ഫര്‍ഹീന്‍, അര്‍ജുന്‍, ടെക്നോപാര്‍ക്ക് എജിഎം-അഡ്മിനിസ്ട്രേഷന്‍ ആന്‍റ് ഐആര്‍ അഭിലാഷ് ഡി എസ്, പ്രതിധ്വനി പ്രസിഡന്‍റ് വിഷ്ണു രാജേന്ദ്രന്‍, സ്റ്റേറ്റ് കണ്‍വീനര്‍ രാജീവ് കൃഷ്ണന്‍ എന്നിവരും പങ്കെടുത്തു.
3000 ലധികം ഐടി ജീവനക്കാരാണ് ടൂര്‍ണമെന്‍റില്‍ പങ്കെടുക്കുക. 165 ടീമുകളുടെ 350 ലധികം മാച്ചുകള്‍ 5 മാസം നീണ്ടു നില്‍ക്കുന്നതാണ്. ഉദ്ഘാടനച്ചടങ്ങിനു ശേഷം നിലവിലെ ചാമ്പ്യന്‍മാരായ എച്ച് ആന്‍റ് ആര്‍ ബ്ലോക്കും വിവിധ കമ്പനികളുടെ പ്രമുഖ താരങ്ങള്‍ ഉള്‍പ്പെടുന്ന ‘പ്രതിധ്വനി ഇലവനുമായി’ നടന്ന പ്രദര്‍ശന ക്രിക്കറ്റ് മത്സരത്തില്‍ പ്രതിധ്വനി ഇലവന്‍ വിജയിച്ചു.
പങ്കെടുക്കുന്ന ഐടി ജീവനക്കാരുടേയും മത്സരങ്ങളുടേയും എണ്ണക്കൂടുതല്‍ കൊണ്ട് 2001-ല്‍ ആരംഭിച്ച ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗ് ശ്രദ്ധേയമാണ്.