തിരുവനന്തപുരം: അംഗീകൃത യോഗ്യതയോ, കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിലിന്റെ രജിസട്രേഷനോ ഇല്ലാതെ സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ ചില വ്യക്തികൾ അനധികൃത ചികിത്സ നടത്തുന്നതായി കൗൺസിൽ ഫോർ ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ കണ്ടെത്തുകയുണ്ടായി. പൊതുജനങ്ങൾ ഇത്തരം അനധികൃത ചികിത്സകരിൽ നിന്നും ചികിത്സ തേടാതിരിക്കാൻ ജാഗ്രത പാലിക്കണമെന്ന് കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ അറിയിച്ചു.
പാരമ്പര്യ വൈദ്യന്മാർക്ക് ചികിത്സാനുമതി: രജിസട്രേഷനുള്ളവർക്ക് മാത്രം
ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യയുടെ നോഡൽ ഏജൻസിയായ സെന്റർ ഫോർ ട്രേഡ് ടെസ്റ്റിങ് ആൻഡ് സർട്ടിഫിക്കേഷൻ ഓഫ് സ്കിൽസ് വർക്കേഴ്സ് (സി.സി.ടി.സി) എന്ന സംഘടന പാരമ്പര്യ വൈദ്യൻമാർക്ക് ചികിത്സ അനുമതി നൽകികൊണ്ടുള്ള സർട്ടിഫിക്കറ്റ് നൽകുന്നതായി പത്രവാർത്ത ഭാരതീയ ചികിത്സ സമ്പ്രദായം കൗൺസിലിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
കേരള സ്റ്റേറ്റ് മെഡിക്കൽ പ്രാക്ടീഷണേഴ്സ് ആക്ട് 2021 പ്രകാരം കേരളത്തിൽ ചികിത്സ നടത്തുന്നതിനുള്ള അവകാശം അംഗീകൃത യോഗ്യതയോ കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസട്രേഷനുമുള്ളവർക്ക് മാത്രമാണ്. ഇത്തരത്തിൽ അല്ലാതെയുള്ള ഏത് ചികിത്സയും വ്യാജ ചികിത്സയായിട്ടാണ് കണക്കാക്കുന്നത്. ആയതിനാൽ ഇത്തരത്തിൽ കൗൺസിൽ രജിസ്ട്രേഷനോ അംഗീകൃത യോഗ്യതയോ ഇല്ലാതെ ചികിത്സിക്കുന്നവർക്കെതിരെ കേരള സ്റ്റേറ്റ് മെഡിക്കൽ പ്രാക്ടീഷണേഴ്സ് ആക്ട് 2021 പ്രകാരം നടപടിയെടുക്കും.