തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ ഗോപൻ സ്വാമിയുടെ കല്ലറ തുറന്ന് മൃതദേഹം പുറത്തെടുത്തു. മൃതദേഹത്തിൻ്റെ പോസ്റ്റ്മോർട്ടത്തിൽ മൂന്നു തലങ്ങളിലുള്ള പരിശോധന നടത്തുമെന്ന് ഡോക്ടർമാർ അറിയിച്ചു. മരണം എങ്ങനെയെന്ന് സ്ഥിതീകരിക്കാനാണ് ത്രിതല പരിശോധന നടത്തുന്നത്.
വിഷം ഉള്ളിൽ ചെന്നാണോ മരണമെന്നും പരിക്കേറ്റാണോ, അതോ സ്വഭാവിക മരണമാണോയെന്നും ഇതുവഴി പരിശോധിക്കും. വിഷാശം കണ്ടത്താനായി ആന്തരിക അവയവങ്ങളുടെ സാമ്പിൾ ശേഖരിക്കുമെന്നും ഡോക്ടർമാർ അറിയിച്ചു.
ഈ പരിശോധനയുടെ ഫലം വരാൻ ഒരാഴ്ച എങ്കിലും എടുക്കും. മാത്രമല്ല പരിക്കുകൾ ഉണ്ടോ എന്ന് കണ്ടെത്താൻ റേഡിയോളജി, എക്‌സറെ പരിശോധന നടത്തും. ഇതിന്റെ ഫലം ഇന്ന് തന്നെ ലഭിക്കും. മൂന്നാമത്തെ പരിശോധന സ്വാഭാവിക മരണമാണോ എന്ന് സ്ഥിരീകരിക്കാനാണ്. കൂടാതെ ഡിഎൻഎ പരിശോധനയും നടത്തും.
ഇന്ന് രാവിലെയാണ് കല്ലറ പൊളിച്ച് മൃതദേഹം പുറത്തെടുത്തത്. ഇരിക്കുന്ന രീതിയിലാണ് മൃതദേഹം കണ്ടെത്തിയത്.
കഴുത്തറ്റം വരെ ഭസ്മം നിറച്ച അവസ്ഥയിലായിരുന്നു. കാവിത്തുണി കൊണ്ട് പൊതിഞ മൃതദ്ദേഹത്തിൽ നിന്നും സുഗന്ധ ദ്രവ്യങ്ങളും കണ്ടെത്തിയിട്ടുണ്ട്.
ആദ്യഘട്ടത്തിൽ കുടുംബത്തിൻ്റെ മൊഴി ശരിവെക്കുന്ന രീതിയിലാണ് മൃതദേഹം ഉള്ളതെന്നാണ് ലഭിക്കുന്ന വിവരം. മൃതദേഹം അഴുകിയ നിലയിലാണ്. എങ്കിലും പോസ്റ്റ്മോർട്ടം മെഡിക്കൽ കോളേജ് മോർച്ചിറിയിലായിരിക്കും നടക്കുക.