തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസിൽ കോടതി വിധി നാളെ പറയും. കേസിൽ ഒന്നാം പ്രതി ഗ്രീഷ്മയും മൂന്നാം പ്രതി അമ്മാവൻ നിർമ്മലകുമാറും കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. അതെ സമയം രണ്ടാം പ്രതി അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടു. നെയ്യാറ്റിൻകര സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്.
കൊലപാതകം, വിഷം നൽകൽ, തെളിവു നശിപ്പിക്കൽ ഉൾപ്പടെയുള്ള വകുപ്പുകൾ ഗ്രീഷ്‌മയക്കെതിരെ തെളിഞ്ഞു. മതിയായ തെളിവുകൾ പ്രോസിക്യൂഷന് ഹാജരാക്കാൻ കഴിയാത്തതിനാൽ കേസിൽ ഗ്രീഷ്മയുടെ അമ്മയെ കോടതി കുറ്റവിമുക്തയാക്കി.മൂന്നാം പ്രതി അമ്മാവൻ തെളിവ് നശിപ്പിച്ചെന്ന് കോടതി കണ്ടെത്തി.
അതെ സമയം സംഭവത്തിൽ പ്രതികരണവുമായി ഷാരോണിന്റെ കുടുംബം രംഗത്തെത്തി. രണ്ടാം പ്രതി അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടതിനെതിരെ അപ്പീൽ നൽകുമെന്ന് ഷാരോണിന്‍റെ അമ്മ പ്രിയയും അച്ഛൻ ജയരാജും പ്രതികരിച്ചു. 2022 ഒക്ടോബർ പതിനാലിനാണ് ഷാരോൺ രാജ് കൊല്ലപെട്ടത്.