തിരുവനന്തപുരം: ഇരുചക്ര വാഹനാപകടത്തെത്തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയിലെത്തിയ 21 വയസ്സുകാരന് തുണയായി കിംസ്‌ഹെല്‍ത്തിലെ ഡോക്ടറുമാരുടെ സമയോചിത ഇടപെടല്‍. എല്ലാ അവയവങ്ങളിലേക്കും കോശങ്ങളിലേക്കും രക്തമെത്തിക്കുന്ന ശരീരത്തിലെ ഏറ്റവും വലിയ രക്തക്കുഴലായ അയോര്‍ട്ട പൂര്‍ണ്ണമായും മുറിഞ്ഞുപോയ നിലയിലാണ് രോഗി എമര്‍ജന്‍സി വിഭാഗത്തിലെത്തുന്നത്. മരണത്തിലേക്ക് വരെ നയിച്ചേക്കാവുന്ന ഗുരുതരമായ പരിക്കാണിത്. ഇത്തരത്തില്‍ 360 ഡിഗ്രിയോളം അയോര്‍ട്ട മുറിഞ്ഞു പോകുന്ന കേസുകളില്‍ 80 ശതമാനത്തിനടുത്താണ് മരണനിരക്ക് കണക്കാക്കിയിരിക്കുന്നത്.
അപകടം നടന്ന ഉടന്‍ തന്നെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ച് രക്തസ്രാവം നിയന്ത്രണവിധേയമാക്കി. മറ്റ് പരുക്കുകള്‍ക്കുള്ള പ്രാഥമിക ചികിത്സയും നല്‍കി വിദഗ്ദ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം കിംസ്‌ഹെല്‍ത്തിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രിയിലെത്തിയ ഉടന്‍ തന്നെ ലക്ഷണങ്ങള്‍ മനസ്സിലാക്കി സിടി സ്‌കാനിന് വിധേയമാക്കിയപ്പോഴാണ് അപകടാവസ്ഥയുടെ വ്യാപ്തി കണ്ടെത്തുന്നത്. തുടര്‍ന്ന്, ന്യൂറോ ഇന്റര്‍വെന്‍ഷണല്‍ വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. മനീഷ് കുമാര്‍ യാദവിന്റെ നേതൃത്വത്തില്‍ സ്റ്റെന്റ് ഗ്രാഫ്ട് ഉപയോഗിച്ച് തകരാറിലായ അയോര്‍ട്ട പൂര്‍വസ്ഥിതിയിലാക്കുന്ന തൊറാസിക് എന്‍ഡോവാസ്‌കുലാര്‍ അയോര്‍ട്ടിക് റിപ്പയര്‍ (റ്റെവര്‍) പ്രൊസീജിയറിന് രോഗിയെ വിധേയമാക്കുകയായിരുന്നു. സ്റ്റെയിന്‍ലെസ്സ് സ്റ്റീല്‍ കൊണ്ട് നിര്‍മ്മിതമായ മെറ്റാലിക്ക് സ്റ്റെന്റാണ് പ്രൊസീജിയറിന് ഉപയോഗിച്ചത്.
ഒരു മണിക്കൂര്‍ നീണ്ട് നിന്ന പ്രൊസീജിയറില്‍ തുടഭാഗത്ത് സൂചിയുടെ വലുപ്പത്തിലൊരു ദ്വാരമുണ്ടാക്കി രക്തധമനയിലൂടെ സ്റ്റെന്റ് ഗ്രാഫ്ട് ഘടിപ്പിച്ച കത്തീറ്റര്‍ കടത്തി വിടുകയായിരുന്നു. എക്‌സ്‌റേ ഉപയോഗിച്ച് കൃത്യതയോടെയാണ് അയോര്‍ട്ടയിലെ തകരാറിലായ ഭാഗത്തേക്കെത്തിയത്. അയോര്‍ട്ടക്കുള്ളില്‍ സ്റ്റെന്റ് സ്ഥാപിക്കുകയും അത് വികസിച്ച് ഒരു പുതിയ ലൈനിങ് രൂപപ്പെടുകയും ചെയ്തു. അതുവഴി അയോര്‍ട്ടക്കുള്ളിലൂടെ രക്തയോട്ടം പുനഃസ്ഥാപിക്കുകയും രക്തം പുറത്തേക്ക് പ്രവഹിക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുകയും ചെയ്തു.
കൃത്യസമയത്ത് ആശുപത്രിയിലെത്തിക്കാന്‍ സാധിച്ചതിനാലാണ് സങ്കീര്‍ണ്ണ ശസ്ത്രക്രിയ കൂടാതെതന്നെ രോഗിയെ രക്ഷിക്കാനായതെന്നും മറ്റ് സങ്കീര്‍ണതകളൊന്നുമില്ലാതെ തന്നെ പെട്ടെന്ന് ആരോഗ്യം വീണ്ടെടുക്കുകയും ചെയ്തെന്ന് ഡോ. മനീഷ് കുമാര്‍ യാദവ് പറഞ്ഞു.
കാര്‍ഡിയോതൊറാസിക് വിഭാഗം സീനിയര്‍ കണ്‍സല്‍ട്ടന്റ് ഡോ. ഷാജി പാലങ്ങാടന്‍, ന്യൂറോ ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി വിഭാഗം സീനിയര്‍ കണ്‍സല്‍ട്ടന്റ് ഡോ. സന്തോഷ് ജോസഫ്, അനസ്‌തേഷ്യ വിഭാഗത്തിലെ ഡോ. ശരത് സുരേന്ദ്രന്‍ എന്നിവര്‍ പ്രൊസീജിയറിന്റെ ഭാഗമായി.