തിരുവനന്തപുരം: തിരുവനന്തപുരം കഠിനംകുളത്ത് ക്ഷേത്ര പൂജാരിയുടെ ഭാര്യയെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കഠിനംകുളം പാടിക്കവിളാകം ദേവി ക്ഷേത്രത്തിലെ പൂജാരി രാജീവിൻ്റെ ഭാര്യ ആതിര ആണ് മരിച്ചത്. 30 വയസായിരുന്നു.
ക്ഷേത്രത്തിന് സമീപത്തെ വാടക വീട്ടിലാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് സംഭവം. രാവിലെ ക്ഷേത്രത്തിൽ പോയി മടങ്ങി എത്തിയ ഭർത്താവ് രാജീവാണ് ആതിരയെ മരിച്ച നിലയിൽ ആദ്യം കണ്ടത്.
തുടർന്ന് ഉടൻ തന്നെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. കഠിനംകുളം പൊലീസ് സംഭവ സ്ഥലത്ത് എത്തി നടപടിക്രമങ്ങൾ ആരംഭിച്ചു. കൊലപാതകം ആണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ കഠിനംകുളം പൊലീസ് അന്വേഷണം ആരംഭിച്ചു.