തിരുവനന്തപുരം: കഠിനംകുളം കൊലപാതക കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൃത്യം നടത്തിയ ശേഷം പ്രതി രക്ഷപ്പെട്ട യുവതിയുടെ സ്കൂട്ടർ ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ കണ്ടെത്തി. ഇന്നലെ വൈകുന്നേരമാണ് ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടറിനു സമീപത്ത് നിന്ന് സ്കൂട്ടർ അന്വേഷണസംഘം കണ്ടെത്തിയത്.
പ്രതി ട്രെയിനിൽ കയറി രക്ഷപ്പെട്ടിട്ടുണ്ടാകാം എന്ന നിഗമനത്തിലാണ് പോലീസ് ഇപ്പോൾ. റെയിൽവേ സ്റ്റേഷനിൽ നിന്ന് സ്കൂട്ടർ കഠിനംകുളം പോലീസ് സ്റ്റേഷനിൽ എത്തിച്ചു. ഇന്ന് വാഹനം തുറന്നു പരിശോധിക്കുമെന്ന് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
പോലീസ് നടത്തിയ അന്വേഷണത്തിൽ നിന്ന് പ്രതി പെരുമാതുറയിൽ ഒരു വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്നതായി കണ്ടെത്തി. കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് ഇയാൾ വീട് വാടകയ്‌ക്കെടുത്തത്. തിങ്കളാഴ്ച വൈകുന്നേരം ഈ വീട്ടിൽ നിന്ന് പുറത്തുപോയ പ്രതി പിന്നെ തിരിച്ചുവന്നിട്ടില്ല. ഈ വീടും പോലീസ് ഇന്ന് തുറന്ന് പരിശോധിക്കും.
അതെ സമയം യുവതിയുടെ മൃതദേഹം ഇന്ന് പോസ്റ്റുമോർട്ടം ചെയ്യും. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം ഇന്ന് മൃതദേഹം വെഞ്ഞാറമൂട്ടിലെ വസതിയിൽ സംസ്കരിക്കും. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ നിന്ന് കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് പോലീസ്.
പ്രതിയെ കണ്ടെത്തുന്നതിനായി നാല് സംഘങ്ങളായിട്ടാണ് അന്വേഷണം നടക്കുന്നത്. തിരുവനന്തപുരം റൂറൽ എസ് പി യുടെ നേതൃത്വത്തിലുള്ള സംഘം , ആറ്റിങ്ങൽ DySPയുടെ നേതൃത്വത്തിലുള്ള സംഘം, ഡാൻസാഫ് സംഘം, കഠിനംകുളം, ചിറയിൻകീഴ് പോലീസിന്റെ നേതൃത്വത്തിലുള്ള സംഘം എന്നിവർ ചേർന്നാണ് അന്വേഷണം നടത്തുന്നത്. കൊല്ലപ്പെട്ട യുവതിയുടെ ഭർത്താവും ക്ഷേത്രം പൂജാരിയുമായ രാജീവിനെ വീണ്ടും ചോദ്യം ചെയ്യുമെന്നും പോലീസ് അറിയിച്ചു.