തിരുവനന്തപുരം: ചൂണ്ടുവിരലില്‍ മഷിപുരട്ടി വോട്ടിംഗ് മെഷീനില്‍ ഇഷ്ടപ്പെട്ട സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്ത്, സമ്മതിദാനാവകാശം വിനിയോഗിച്ച ആവേശത്തിലായിരുന്നു ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാര്‍. ജനാധിപത്യത്തിന്റെ സംരക്ഷണത്തില്‍ ഭിന്നശേഷിക്കാര്‍ക്കും അവകാശമുണ്ടെന്ന് തെളിയിക്കുന്നതായിരുന്നു ഡിഫറന്റ് ആര്‍ട് സെന്ററില്‍ നടന്ന പ്രതീകാത്മക തിരഞ്ഞെടുപ്പ്.
എല്ലാ മേഖലയിലുമെന്ന പോലെ തിരഞ്ഞെടുപ്പിലും ഭിന്നശേഷിക്കാരുടെ പ്രാതിനിധ്യം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയത്തിന്റെ സഹകരണത്തോടെ സെന്ററില്‍ തിരഞ്ഞെടുപ്പ് സംഘടിപ്പിച്ചത്. പ്രസിഡന്റ്, പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 64 ശതമാനം പോളിംഗ് രേഖപ്പെടുത്തി. 13 പേരാണ് മത്സരരംഗത്തുണ്ടായിരുന്നത്. പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ഹസ്‌നയും പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് ജോണ്‍ ജോസും തിരഞ്ഞെടുക്കപ്പെട്ടു.
ഇന്‍ക്ലൂസീവ് ഇലക്ഷന്‍ 2025 എന്ന പേരില്‍ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് പ്രക്രിയ ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ ഡോ. രത്തന്‍ യു ഖേല്‍ക്കര്‍ ഐ.എ.എസ് ഉദ്ഘാടനം ചെയ്തു. ജനാധിപത്യരാജ്യത്തെ പൗരാവകാശം ഫലപ്രദമായി വിനിയോഗിക്കേണ്ടത് ഓരോ പൗരന്റെയും കടമയാണ്. 18നും 30നുമിടയിലുള്ളവര്‍ പലപ്പോഴും വോട്ട് ചെയ്യുവാനുള്ള താത്പര്യം കാണിക്കുന്നില്ല.
യുവാക്കളടക്കം തങ്ങളുടെ പൗരാവകാശം കൃത്യമായി വിനിയോഗിക്കുമ്പോഴാണ് ജനാധിപത്യം വിജയിക്കുന്നത്. വോട്ട് ചെയ്യേണ്ടതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്താനായി ഡിഫറന്റ് ആര്‍ട് സെന്റര്‍ സംഘടിപ്പിച്ച ഈ തിരഞ്ഞെടുപ്പ് പ്രക്രിയ അത്യധികം അഭിമാനമുണ്ടാക്കുന്നുവെന്നും അദ്ദേഹം ഉദ്ഘാടനത്തിനിടെ പറഞ്ഞു. ഡിഫറന്റ് ആര്‍ട് സെന്റര്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ അഡീഷണല്‍ ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ ഷര്‍മിള.സി മുഖ്യപ്രഭാഷണം നടത്തി. ഡിഫറന്റ് ആര്‍ട് സെന്റര്‍ ഡയറക്ടര്‍ ഷൈല തോമസ് സ്വാഗതവും മാജിക് പ്ലാനറ്റ് ഓപ്പറേഷന്‍സ് മാനേജര്‍ സുനില്‍രാജ് സി.കെ നന്ദിയും പറഞ്ഞു. ഇലക്ഷന്‍ കമ്മീഷന്റെ തീം സോംഗ് സെന്ററിലെ ഭിന്നശേഷിക്കാര്‍ ആലപിച്ചുകൊണ്ടാണ് ചടങ്ങുകള്‍ ആരംഭിച്ചത്.
ഒരു തിരഞ്ഞെടുപ്പിന്റെ എല്ലാ മാനദണ്ഡങ്ങളും കൃത്യമായി പാലിച്ചാണ് ഇലക്ഷന്‍ നടന്നത്. കഴിഞ്ഞ രണ്ടാഴ്ചയായി സ്ഥാനാര്‍ത്ഥികളുടെ പ്രകടനവും പ്രചാരണവും കൊട്ടിക്കലാശവുമൊക്കെ തിരഞ്ഞെടുപ്പിന്റെ അതേ ഗൗരവസ്വഭാവത്തില്‍ തന്നെ ഇവിടെ നടന്നിരുന്നു.