ബെംഗളൂരു: പച്ചക്കറി ലോറി മറിഞ്ഞ് 10 പേർ കൊല്ലപ്പെട്ടു. കർണാടകയിലാണ് സംഭവം. പച്ചക്കറി കയറ്റിവന്ന ലോറി ഡിവൈഡറിൽ ഇടിച്ച് തലകീഴായി മറിയുകയായിരുന്നു. ഇന്ന് പുലർച്ചെ 5 മണിക്കാണ് അപകടം നടന്നത്. 25 പേരാണ് ലോറിയിൽ ഉണ്ടായിരുന്നത്. 15 ഓളം പേർക്ക് പരുക്കേറ്റു.
ഉത്തര കന്നഡ ജില്ലയിലെ യെല്ലപുര പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഹാവേരി – കുംത്ത ദേശീയ പാത 65ൽ പുലർച്ചെയാണ് സംഭവം നടന്നത്. പരുക്കേറ്റവരെ യെല്ലാപുരയിലും സമീപത്തുമായുള്ള വിവിധ ആശുപത്രികളിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. പരിക്കേറ്റ മുഴുവൻ പേരുടെയും നില ഗുരുതരമാണ്.