spot_imgspot_img

പ്രമേഹ രോഗികളുടെ എണ്ണം പകുതിയായി കുറയ്ക്കുക ലക്ഷ്യം: മന്ത്രി വീണാ ജോർജ്

Date:

spot_img

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രമേഹ രോഗികളുടെ എണ്ണം പകുതിയായി കുറയ്ക്കുകയെന്ന എന്ന ലക്ഷ്യത്തോടെയാണ് ആരോഗ്യ വകുപ്പ് പ്രവർത്തിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പ്രമേഹ തലസ്ഥാനമാണ് കേരളം എന്നത് ഘട്ടം ഘട്ടമായി മാറ്റിയെടുക്കാനുള്ള പ്രവർത്തനങ്ങളാണ് ആവിഷ്‌ക്കരിച്ചിട്ടുള്ളത്. രോഗാതുരത കുറഞ്ഞ, പ്രമേഹം ഉൾപ്പെടെയുള്ള ജീവിതശൈലി രോഗങ്ങൾ കുറഞ്ഞ സംസ്ഥാനമാക്കി മാറ്റാനാണ് പരിശ്രമം. ആയുർദൈർഘ്യം കൂടുതലുള്ള കേരളത്തിൽ ജീവിക്കുന്ന കാലം വരെ ജീവിത ഗുണനിലവാരം ഉറപ്പുവരുത്താനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. ആ പ്രവർത്തനങ്ങൾ ക്രോഡീകരിക്കാനാണ് അന്താരാഷ്ട്ര കോൺക്ലേവ് സംഘടിപ്പിച്ചതെന്നും മന്ത്രി വ്യക്തമാക്കി. ആരോഗ്യ വകുപ്പും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റീസും ചേർന്ന് തിരുവനന്തപുരത്ത് സംഘടിപ്പിച്ച അന്താരാഷ്ട്ര ഡയബറ്റീസ് കോൺക്ലേവിന്റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാന സർക്കാരിനെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രാധാന്യം കൊടുക്കുന്ന ഒരു മേഖലയാണ് ജീവിതശൈലീ രോഗ പ്രതിരോധം. അതുകൊണ്ടാണ് നവകേരളം കർമ്മപദ്ധതി രണ്ടിന്റെ ഭാഗമായി ആർദ്രം മിഷനിലൂടെ 10 കാര്യങ്ങൾ ലക്ഷ്യം വച്ചത്. അതിലൊന്ന് ജീവിതശൈലി രോഗങ്ങളുടെ പ്രതിരോധമാണ്. നമ്മുടെ ആരോഗ്യ സൂചികകൾ വളരെ മികച്ചതാണ്. ഏറ്റവും കുറവ് മാതൃമരണ നിരക്കും ശിശു മരണ നിരക്കും ഏറ്റവും കൂടുതൽ ആയുർ ദൈർഘ്യവും ഉള്ള സംസ്ഥാനമാണ്. പക്ഷേ ജീവിതശൈലി രോഗികളുടെ എണ്ണം കൂടുതലാണ്. ഈയൊരു വർധനവ് മുന്നിൽ കണ്ട് രോഗാതുരത കുറയ്ക്കാനാണ് ലക്ഷ്യം വയ്ക്കുന്നത്. ഇതിന്റെ ഭാഗമായി ആർദ്രം ആരോഗ്യം ജീവിതശൈലീ രോഗനിർണയ സ്‌ക്രീനിംഗിലൂടെ 30 വയസിന് മുകളിലുള്ള മുഴുവൻ പേരെയും വാർഷികാരോഗ്യ പരിശോധനയ്ക്ക് വിധേയമാക്കാനാണ് ലക്ഷ്യം വച്ചിട്ടുള്ളത്. രണ്ടാം ഘട്ട സ്‌ക്രീനിംഗാണ് ഇപ്പോൾ നടന്നു വരുന്നത്.

ഇതിലൂടെ പുതിയ ജീവിതശൈലീ രോഗികളെ കണ്ടെത്തി ആവശ്യമെങ്കിൽ ചികിത്സ ഉറപ്പാക്കുന്നു. നിലവിൽ ചികിത്സ തേടുന്ന രോഗികൾ കൃത്യമായി ചികിത്സ എടുക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നു. ഇനി രോഗം വരാൻ സാധ്യതയുള്ള റിസ്‌ക് ഫാക്ടർ ഉള്ളവർക്ക് ആവശ്യമായിട്ടുള്ള ജീവിതശൈലിയിലും ഭക്ഷണത്തിലുമുള്ള മാറ്റം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളാണ് നടത്തുന്നത്. വ്യായാമത്തിനും പ്രാധാന്യമുണ്ട്. നിലവിൽ പ്രമേഹമുള്ളവരുടെ ജീവിത ഗുണനിലവാരം ഉയർത്തുന്നതിന് വേണ്ടിയുള്ള ശ്രമങ്ങളും നടത്തിവരുന്നു. 360 ഡിഗ്രി മെറ്റബോളിക് സെന്ററുകൾ ജില്ലാതല ആശുപത്രികളിൽ സ്ഥാപിച്ചു വരുന്നു.

പ്രമേഹവുമായി ബന്ധപ്പെട്ട് നിലവിൽ ചെയ്യുന്ന പ്രവർത്തനങ്ങളും ഇനി ചെയ്യാനുള്ള പ്രവർത്തനങ്ങളും ചർച്ച ചെയ്ത് രൂപരേഖ തയ്യാറാക്കാനാണ് അന്താരാഷ്ട്ര കോൺക്ലേവ് സംഘടിപ്പിച്ചത്. ദേശീയവും അന്തർ ദേശീയവുമായിട്ടുള്ള പ്രമേഹ രോഗ വിദഗ്ധരെ ഉൾക്കൊള്ളിച്ച് കൊണ്ടാണ് കോൺക്ലേവ് സംഘടിപ്പിച്ചത്. അന്തർദേശീയ തലത്തിൽ പ്രമേഹ രോഗ ചികിത്സയിൽ വന്നിട്ടുള്ള നൂതന സംവിധാനങ്ങളും ചികിത്സാ വിധികളും ആരോഗ്യ വകുപ്പിലെ ഡോക്ടർമാരെയും മറ്റ് ജീവനക്കാരെയും പരിചയപ്പെടുത്തുക എന്ന ഉദ്ദേശം കൂടി ഈ കോൺക്ലേവിനുണ്ട്.

സി.എം.സി. വെല്ലൂരിലെ ഡോ. നിഹാൽ തോമസ്, മയോ ക്ലിനിക്കിലെ ഡോ. ശ്രീകുമാർ, ഡോ. മധു, പ്രസന്ന സ്‌കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ ഡോ. ചെറിയാൻ വർഗീസ്, ഡോ. പ്രമീള കൽറ, കാർഡിയോളജിസ്റ്റ് ഡോ. ജോർജ് കോശി, ഡോ. രാമൻകുട്ടി, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. കെ.ജെ. റീന, ഡോ. സക്കീന, ഡോ. ജബ്ബാർ, ഡോ. ബിപിൻ ഗോപാൽ എന്നിവർ കോൺക്ലേവിൽ പങ്കെടുത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ചാക്ക ഐ ടി ഐ യിൽ ഒഴിവുകൾ

തിരുവനന്തപുരം: ചാക്ക ഗവ. ഐടിഐയിൽ മെക്കാനിക്ക് ഓട്ടോ ബോഡി പെയിന്റിംഗ്, റെഫ്രിജറേഷൻ...

മദ്യത്തിന് വില കൂട്ടി സർക്കാർ

തിരുവനന്തപുരം: മദ്യത്തിന് വില കൂട്ടി സർക്കാർ. ഇന്ത്യൻ നിർമ്മിത വിദേശമദ്യത്തിനും ബിയറിനും...

വയനാട്ടിൽ കടുവയെ പിടികൂടുന്നതിനിടെ ആർ ആർ ടി അംഗത്തിന് കടുവയുടെ ആക്രമണം

വയനാട്: പഞ്ചാരകൊല്ലിയിൽ കടുവയെ പിടികൂടാനായി ഇറങ്ങിയ ദൗത്യ സംഘത്തിന് നേരെ കടുവാ...

നാടിന്റെ ശോഭനമായ ഭാവിക്കായി ഒറ്റക്കെട്ടായി നിൽക്കാം: മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: ഭരണഘടനയ്ക്കും ജനാധിപത്യത്തിനുമെതിരെ ഉയരുന്ന വെല്ലുവിളികളെ പ്രതിരോധിക്കേണ്ടത് ഓരോരുത്തരുടെയും കർത്തവ്യമാണ് എന്ന...
Telegram
WhatsApp