തിരുവനന്തപുരം: കേന്ദ്രബജറ്റില്‍ കേരളത്തിന് അവകാശങ്ങള്‍ ചോദിച്ചു വാങ്ങാന്‍ അര്‍ഹതയില്ല എന്ന കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്റെ പരാമര്‍ശം മലയാളികള്‍ക്കും കേരളത്തിനും അങ്ങേയറ്റം അപമാനകരമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേരളീയരെ അപമാനിക്കുന്ന നിലയില്‍ പരാമര്‍ശം നടത്തുന്ന കേന്ദ്രമന്ത്രിമാര്‍ അത് പിന്‍വലിച്ച് കേരളീയ ജനതയോട് മാപ്പ് പറയണമെന്ന് ചെന്നിത്തല പറഞ്ഞു.
തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് രമേശ് ചെന്നിത്തല ആരോപണം ഉന്നയിച്ചത്. കേന്ദ്ര ബജറ്റ് അവതരിപ്പിച്ചതിന് പിന്നാലെ കേന്ദ്ര മന്ത്രി ജോർജ് കുര്യന്റെ പ്രതികരണം തെറ്റാണെന്നാണ് അദ്ദേഹം പറയുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം;
കേന്ദ്രബജറ്റില്‍ കേരളത്തിന് അവകാശങ്ങള്‍ ചോദിച്ചു വാങ്ങാന്‍ അര്‍ഹതയില്ല എന്ന കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്റെ പരാമര്‍ശം മലയാളികള്‍ക്കും കേരളത്തിനും അങ്ങേയറ്റം അപമാനകരമാണ്. കേരളം പുരോഗമിച്ച സംസ്ഥാനമാണ് അതു കൊണ്ട് അവകാശങ്ങള്‍ ചോദിക്കരുത് എന്ന വിചിത്രമായ ന്യായമാണ് കുര്യന്‍ പറയുന്നത്. കേരളം കൈവരിച്ച പുരോഗതി ഇന്നാട്ടിലെ ജനങ്ങളുടെ അധ്വാനമാണ്. അതിനെ കേന്ദ്രമന്ത്രി കുര്യന്‍ ബഹുമാനിക്കാന്‍ പഠിക്കണം.
വയനാട് പാക്കേജ് പോലും ചോദിച്ചു വാങ്ങാന്‍ കഴിവില്ലാത്ത കേന്ദ്രമന്ത്രിമാര്‍ കുറഞ്ഞ പക്ഷം കേരളത്തെ അപമാനിക്കാതിരിക്കാനെങ്കിലും ശ്രദ്ധിക്കണം. കേരളത്തില്‍ നിന്നു രണ്ടു മന്ത്രിമാര്‍ ഉണ്ടായപ്പോള്‍ കേരളത്തിന് അര്‍ഹതപ്പെട്ടത് എന്തെങ്കിലും കിട്ടുമെന്നാണ് കരുതിയത്. എന്നാല്‍ അതിനു പകരം കേരള വിരുദ്ധമായ നിലപാടുകളാണ് ഈ രണ്ടു പേരും സ്വീകരിക്കുന്നത്.
കേരളീയരെ അപമാനിക്കുന്ന നിലയില്‍ പരാമര്‍ശം നടത്തുന്ന കേന്ദ്രമന്ത്രിമാര്‍ അത് പിന്‍വലിച്ച് കേരളീയ ജനതയോട് മാപ്പ് പറയണം…