
തിരുവനന്തപുരം: അമാനുഷികത നടിച്ച് ദിവ്യന്മാര്‍ നടത്തുന്ന ദിവ്യാത്ഭുതങ്ങളുടെ അണിയറ രഹസ്യം പൊളിക്കാന്‍ ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാരെത്തുന്നു. ബ്രേക്ക് ത്രൂ സയന്‍സ് സൊസൈറ്റി കേരള ചാപ്റ്റര്‍ തിരുവനന്തപുരം ടാഗോര്‍ തീയേറ്ററില്‍ സംഘടിപ്പിക്കുന്ന ദേശീയ ശാസ്ത്ര സമ്മേളനത്തോടനുബന്ധിച്ചാണ് ദിവ്യാത്ഭുതങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന ശാസ്ത്ര തന്ത്രങ്ങള്‍ വെളിപ്പെടുത്താന്‍ ഭിന്നശേഷിക്കാരെത്തുന്നത്. ഞായറാഴ്‌ചയും തിങ്കളാഴ്ചയും രാവിലെ 10 മുതല്‍ വൈകുന്നേരം 5 വരെ ടാഗോര്‍ തീയേറ്ററില്‍ ഒരുക്കിയിരിക്കുന്ന പ്രത്യേക പവലിയനിലാണ് ഭിന്നശേഷിക്കാരുടെ പ്രകടനം നടക്കുന്നത്.
ഭിന്നശേഷിക്കാരുടെ ശാസ്ത്ര ഗവേഷണ താത്പര്യങ്ങള്‍ വളര്‍ത്തുവാനായി ഡിഫറന്റ് ആര്‍ട് സെന്ററില്‍ പ്രവര്‍ത്തിക്കുന്ന സയന്‍ഷ്യ എന്ന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി നടക്കുന്നത്. അമാനുഷിക ശക്തിയുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് നടത്തുന്ന പല പ്രവൃത്തികളിലും ഒളിഞ്ഞിരിക്കുന്നത് ശുദ്ധമായ ഇന്ദ്രജാലവും അതോടൊപ്പം ശാസ്ത്രവുമാണ്. ഈ തന്ത്രങ്ങളെ ബൗദ്ധികമായി നേരിടാനും ഇത്തരം തട്ടിപ്പുകാരെ സമൂഹത്തില്‍ നിന്നും ഒറ്റപ്പെടുത്താനും ബഹുജനങ്ങളെ പ്രാപ്തരാക്കാനാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നത്. ദിവ്യാത്ഭുതങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന ശാസ്ത്ര തത്വങ്ങള്‍ ഭിന്നശേഷിക്കാര്‍ തന്നെ പൊതുജനങ്ങള്‍ക്ക് മുമ്പില്‍ വിശദീകരിക്കുന്ന വിഭാഗവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.


