
കൊച്ചി: കൊച്ചിയിൽ ട്രാൻസ് വുമണിന് ക്രൂരമർദനം. സംഭവത്തിൽ പൊലീസ് കേസെടുത്തു. വെളളിയാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം.
മെട്രോ സ്റ്റേഷന് സമീപം സുഹൃത്തിനെ കാത്തിരുന്ന ട്രാൻസ് വുമനാണ് ആക്രമിക്കപ്പെട്ടത്. പാലാരിവട്ടം മെട്രോ സ്റ്റേഷന് സമീപത്ത് വച്ചാണ് ആക്രമണം. ട്രാൻസ് വുമണിനെ അക്രമി അസഭ്യം പറയുകയും ഇരുമ്പ് വടി കൊണ്ട് മർദിക്കുകയുമായിരുന്നു. മർദ്ദനത്തെ തുടർന്ന് ട്രാൻസ് വുമൺ ഓടി രക്ഷപെടാൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.
തന്നെ ആക്രമിച്ചത് ആരാണെന്ന് അറിയില്ലെന്ന് കാക്കനാട് സ്വദേശിയായ ട്രാൻസ് വുമൺ പോലീസിനോട് പറഞ്ഞു. മർദനത്തിൽ ട്രാൻസ് വുമണിന് കാലിനും കൈവിരലിനും പരിക്കേറ്റു. സംഭവത്തിൽ ട്രാൻസ് ജെൻഡേർസ് ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചുവെന്ന് പാലാരിവട്ടം പൊലീസ് അറിയിച്ചു.


