
തിരുവനന്തപുരം: തിരുവനന്തപുരത്ത് കാണാതായ കെഎസ്ആര്‍ടിസി ബസ് കണ്ടക്ടറെ മരിച്ച നിലയിൽ കണ്ടെത്തി. പാപ്പനംകോട് കെഎസ്ആര്‍ടിസി ഡിപ്പോയിലെ ബസ് കണ്ടക്ടറായ അരുണാണ് മരിച്ചത്. 41 വയസായിരുന്നു. ആറ്റിങ്ങൽ പൂവൻപാറ വാമനപുരം നദിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
കിളിമാനൂർ സ്വദേശിയായ ഇയാൾ ആറ്റിങ്ങലിലാണ് ഇപ്പോൾ താമസിക്കുന്നത്. ഇന്നലെ രാത്രിയാണ് അരുണിനെ കാണാനില്ലെന്ന് പറഞ്ഞ് ഭാര്യ ആറ്റിങ്ങൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ പൂവൻപാറ വാമനപുരം നദിയുടെ ഭാഗത്ത് ഇയാളുടെ സ്കൂട്ടര്‍ കണ്ടെത്തിയിരുന്നു.
തുടർന്ന് പുഴയിൽ ആറ്റിങ്ങൽ ഫയര്‍ഫോഴ്സ് സ്കൂബാ സംഘത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. മരണകാരണം വ്യതമല്ല. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.


