
തിരുവനന്തപുരം: തിരുവനന്തപുരത്ത് വനത്തിനുള്ളിൽ ദിവസങ്ങളോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. മടത്തറ ശാസ്താംനട സ്വദേശി ബാബുവിൻ്റെ മൃതദേഹമാണ് വനത്തിൽ കണ്ടെത്തിയത്. പാലോട് – മങ്കയം – അടിപ്പറമ്പ് വനത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹത്തിന് 5 ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. ഴിഞ്ഞ ബുധനാഴ്ച്ച ശാസ്താം നടയിലെ വീട്ടിൽ നിന്നും പണിക്ക് അടിപ്പറമ്പ് ഉള്ള ബന്ധു വീട്ടിൽ പോയതാണ് ബാബു. അതിനു ശേഷം ബാബുവിനെ കാണാനില്ലായിരുന്നു. കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടതാണോ എന്നും സംശയമുണ്ട്.
സ്ഥലത്ത് തെരുവുനായകളെയും കണ്ടതായി ബന്ധുക്കൾ പറഞ്ഞു. വസ്ത്രങ്ങൾ കിടന്ന സ്ഥലത്ത് കാട്ടാനയുടെ കാൽപാടുകൾ കണ്ടിരുന്നു. ഇതാണ് കാട്ടാന ആക്രമണം ആണോ എന്ന സംശയത്തിന് കാരണം. പാലോട് പൊലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്.


