
കഴക്കൂട്ടം: രാജ്യത്തിന്റെ സംസ്കാരവും പാരമ്പര്യവും ഏതെങ്കിലുമൊരു വിഭാഗത്തിനു മാത്രം അവകാശപ്പെടാന്‍ കഴിയുന്നതല്ലെന്നും സനാതനധര്‍മ്മം വിവാദമാക്കേണ്ട വിഷയമല്ലെന്നും ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി. മൈസൂർ കേന്ദ്രഭാഷാ ഇൻസ്റ്റുറ്റ്യൂട്ടുമായി സഹകരിച്ച് തിരുവനന്തപുരം അന്താരാഷ്ട്ര ദ്രാവിഡഭാഷശാസ്ത്ര വിദ്യാലയം മേനംകുളത്ത് സംഘടിപ്പിച്ച ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സ്വാമി.
ഒരു പൂന്തോട്ടത്തില്‍ വിവിധ വര്‍ണ്ണത്തിലും രൂപത്തിലുമുളള ചെടികളും പൂക്കളും ഉണ്ടാകുന്നതുപോലെയാണ് വിവിധ ഭാഷകളും. ഓരോന്നിനും അതിന്റേതായ സൗരഭ്യമുണ്ട്. പ്രാദേശിക ഭാഷകളെ സ്വത്വമായി നിലനിര്‍ത്തികൊണ്ട് മറ്റു ഭാഷകളെ അംഗീകരിക്കാന്‍ നാം തയ്യാറാകണം. സംസ്കാരവും പാരമ്പര്യവും ചരിത്രവും ഭാഷയിലൂടെ സംരക്ഷിക്കപ്പെടുന്നു. ഭാഷാശാസ്ത്രത്തിലും വൈദികത്തിലും തുടങ്ങി ഭാരതത്തിന്റെ സമസ്ത മേഖലകളിലും അറിവു പകര്‍ന്ന ജ്ഞാനതേജസ്സാണ് അഗസ്ത്യമഹര്‍ഷിയെന്ന് സ്വാമി പറഞ്ഞു.
പ്രൊഫ. വി.ഐ. സുബ്രഹ്മണ്യൻ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷമായിരുന്നു സെമിനാർ ആരംഭിച്ചത്. ‘ഭാരതീയ ജ്ഞാനസംഹിതകളിൽ മഹർഷി അഗസ്ത്യൻ്റെ സംഭാവനകൾ’ എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന സെമിനാറിൽ ഇൻ്റർനാഷണൽ സ്കൂൾ ഓഫ് ദ്രവീഡിയൻ ലിംഗ്വിസ്റ്റിക്സ് ഡയറക്ടർ പ്രൊഫ.ജി.കെ. പണിക്കർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ.ഡി.കെ. സൗന്ദരരാജൻ മുഖ്യപ്രഭാഷണം നടത്തി. ഐ.എസ്.ഡി.എൽ ഹോണററി പ്രൊഫസർ എം. രാമ,ട്രഷറര്‍ ഡോ.എസ്.അബ്ദുള്‍ സമദ് എന്നിവര്‍ സംസാരിച്ചു.
കേരള യൂണിവേഴ്സിറ്റി ഓറിയൻ്റൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ പ്രൊഫ. പി. വിശാലാക്ഷി, കോളേജിയേറ്റ് എഡ്യൂക്കേഷൻ റിട്ട. ഡെപ്യൂട്ടി ഡയറക്ടർ പ്രൊഫ. നടുവട്ടം ഗോപാലകൃഷ്ണൻ, കേരള യൂണിവേഴ്സിറ്റി തമിഴ് ഡിപ്പാര്‍ട്ട്മെന്റ് ഹെഡ് ഡോ. ഹെപ്സി റോസ് മേരി, കാസര്‍ഗോഡ് സെന്‍ട്രല്‍ യൂണിവേഴ്സിറ്റി റിട്ട. പ്രൊഫസര്‍ എല്‍.രാമമൂര്‍ത്തി, തിരുര്‍ യൂണിവേഴ്സിറ്റി റിട്ട.മലയാളം പ്രൊഫസര്‍ എം. ശ്രീനാഥന്‍, കേരള യൂണിവേഴ്സിറ്റി ലിംഗ്വിസ്റ്റിക്സ് ഡിപ്പാര്‍ട്ട്മെന്റ് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.എസ്.കെ.ശ്യാം, കേരള യൂണിവേഴ്സിറ്റി തമിഴ് ഡിപ്പാര്‍ട്ട്മെന്റ് പ്രൊഫസര്‍ പി.ജയകൃഷ്ണന്‍ എന്നിവര്‍ രാവിലെയും ഉച്ചയ്ക്കുമായി നടന്ന സെമിനാറിന്റെ വിവിധ സെഷനുകളില്‍ വിഷയാവതരണം നടത്തി. സെമിനാറിൽ നൂറിലധികം പേർ പങ്കെടുത്തു.


