
മലപ്പുറം : മലപ്പുറം ആമയൂരിൽ സുഹൃത്തായ പതിനെട്ടുകാരി ജീവനൊടുക്കിയതിന് പിന്നാലെ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച 19 കാരൻ തൂങ്ങിമരിച്ചു. മലപ്പുറം കാരക്കുന്ന് സ്വദേശി സജീർ (19) ആണ് മരിച്ചത്.
ചാലിയാർ പുഴയിൽ എടവണ്ണ പുകമണ്ണിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന സജീർ ആരുമറിയാതെ ഇവിടെ നിന്ന് കടന്നുകളഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
സമീപവാസിയായ ഷൈമയുമായി സജീർ പ്രണയത്തിലായിരുന്നു എന്നാണ് വിവരം. ഷൈമ ആത്മഹത്യ ചെയ്തത് അറിഞ്ഞ ശേഷമായിരുന്നു യുവാവിന്റെ ആദ്യ ആത്മഹത്യശ്രമം. ഇരുവരും അയല്‍വാസികളാണ്.
ഫെബ്രുവരി മൂന്നിനാണ് ഇഷ്ടമില്ലാത്ത വിവാഹം ഉറപ്പിച്ചതിനെ തുടർന്ന് പെൺകുട്ടി വീട്ടിൽ തൂങ്ങി മരിച്ചത്. പിതാവ് മരിച്ച ശേഷം പിതൃസഹോദരൻ്റെ വീട്ടിലായിരുന്നു ഷൈമ താമസിച്ചിരുന്നത്. ജനുവരി അവസാനമായിരുന്നു ഷൈമയുടെ നിക്കാഹ്. നിക്കാഹ് കഴിഞ്ഞ് മൂന്ന് ദിവസം കഴിഞ്ഞാണ് ഷൈമ ആത്മഹത്യ ചെയ്തത്. മതാചാര പ്രകാരം ചടങ്ങ് നടത്തിയെങ്കിലും ഭർത്താവിന്റെ വീട്ടിലേക്ക് ഷെമയെ കൂട്ടിക്കൊണ്ട് പോയിരുന്നില്ല.
സജീറുമായി ഷൈമ ഇഷ്ടത്തിലായിരുന്നു. ഇയാളെ വിവാഹം കഴിക്കണമെന്നായിരുന്നു ആഗ്രഹം. എന്നാൽ വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി മറ്റൊരു നിക്കാഹിന് സമ്മതിക്കേണ്ടി വന്നു. ഇതാണ് ഇരുവരുടേയും ആത്മഹത്യയ്ക്ക് കാരണമായതെന്നാണ് വിവരം.


