
കോട്ടയം: കോട്ടയം ഗാന്ധിനഗര്‍ സ്‌കൂള്‍ ഓഫ് നഴ്സിംഗില്‍ ക്രൂര റാഗിംഗ്. ഒന്നാംവർഷ വിദ്യാർഥികളെ മൂന്നാം വർഷ വിദ്യാർഥികൾ ക്രൂരമായി റാഗ് ചെയ്‌തെന്നാണ് പരാതിയിൽ പറയുന്നത്. സംഭവത്തിൽ അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരെ കോളേജിൽ നിന്നും സസ്‌പെൻഡ് ചെയ്തു. മൂന്നാം വർഷ വിദ്യാർത്ഥികളായ വിവേക്, റിജിൽ ജിത്ത്, രാഹുൽ രാജ്,ജീവൻ, സാമുവൽ ജോൺ എന്നിവരാണ് അറസ്റ്റിലായത്.
മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളില്‍ നിന്ന് അതിക്രൂരമായ റാഗിംഗിനിരയായതായാണ് വിദ്യാര്‍ത്ഥികളുടെ പരാതിയിൽ പറയുന്നത്. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളുടെയും പ്രിന്‍സിപ്പലിൻ്റെയും പരാതിയിലായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. സീനിയേഴ്സിന്റെ ഭീഷണി ഭയന്ന് ഇവര്‍ ആദ്യമൊന്നും ഇത് ആരോടും പറഞ്ഞില്ല. മൂന്ന് മാസത്തോളം ഇവരെ ക്രൂരമായി റാഗ് ചെയ്തിരുന്നു. ഒടുവിൽ സഹിക്കാൻ വയ്യാതെയാണ് ഇവർ പോലീസിൽ പരാതി നൽകിയത്.
സ്വകാര്യ ഭാഗങ്ങളില്‍ ഡമ്പല്‍ തൂക്കി ഉള്‍പ്പെടെ സീനിയേഴ്സ് തങ്ങളോട് ക്രൂരത കാണിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. വിദ്യാര്‍ഥികളെ കട്ടിലില്‍ കെട്ടിയിട്ട് കോമ്പസ് കൊണ്ട് ശരീരത്തില്‍ കുത്തിപരുക്കേല്‍പ്പിച്ചു. മാത്രമല്ല ശബ്ദം ഉണ്ടാക്കിയപ്പോള്‍ ബോഡി ലോഷന്‍ മുറിവുകളിലും വായിലും ഒഴിക്കുകയും റാഗിങിന്റെ ദൃശ്യങ്ങള്‍ പ്രതികള്‍ തന്നെ പകര്‍ത്തി സൂക്ഷിച്ചുവെന്നും പൊലീസ് കണ്ടെത്തി.
കൂടാതെ ഒന്നാം വർഷ വിദ്യാർത്ഥികളുടെ നഗ്ന ചിത്രങ്ങൾ പകർത്തുകയും പ്രതികൾ നിരന്തരമായി വിദ്യാർത്ഥികളോട് പണം ആവശ്യപ്പെട്ടിരുന്നതായും പരാതീയിൽ പറയുന്നു. പിടിയിലായവർക്കെതിരെ ബിഎൻഎസ് 118, 308, 351 എന്നീ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തത്.


