
കൊച്ചി: സിനിമ മേഖലയിലെ നിർമ്മാതാക്കളുടെ തര്‍ക്കത്തിൽ പ്രതികരണവുമായി നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ. ആന്‍റണി പെരുമ്പാവൂർ സംഘടനക്കൊപ്പം നിൽക്കുന്ന ആളാണെന്നും ഒരു ഇന്‍ഡസ്ട്രിയെ മോശമാക്കാൻ ഉദേശിച്ചല്ല സുരേഷ് കുമാറും പ്രതികരിച്ചതെന്നും ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു. ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് ചര്‍ച്ച ചെയ്താൽ തീരാവുന്ന ഒരു പ്രശ്‍നം മാത്രമാണിതെന്നുമാണ് ലിസ്റ്റിൻ സ്റ്റീഫൻ വ്യക്തമാക്കുന്നത്.
നിർമ്മാതാക്കൾക്ക് ടെൻഷൻ ഉണ്ടാവുക സ്വഭാവികമാണ്. എന്നാൽ തങ്ങൾക്കിടയിൽ ഒരു ഭിന്നതയില്ലെന്ന് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു. അതെ സമയം സിനിമ താരങ്ങള്‍ പ്രതിഫലം കുറയ്ക്കണം. മാത്രമല്ല അഭിനേതാക്കളിൽ അഞ്ചു ലക്ഷം രൂപക്ക് മുകളിൽ പ്രതിഫലം വാങ്ങുന്നവര്‍ക്ക് ഘട്ടം ഘട്ടമായി പണം നൽകാമെന്ന ധാരണ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ യോഗത്തിൽ തീരുമാനിച്ചിരുന്നുവെന്നും ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു.
പ്രൊഡ്യൂസര്‍ക്ക് മിനിമം ഗ്യാരണ്ടി കിട്ടുന്നതു പോലുള്ള കാര്യങ്ങളാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍റെ സംയുക്ത യോഗത്തില്‍ സംസാരിച്ചിരുന്നത്. വാര്‍ത്താസമ്മേളനത്തിലാണ് കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ ട്രഷററായ ലിസ്റ്റിന്‍ സ്റ്റീഫന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഈ അസോസിയേഷന് പ്രിയപ്പെട്ട വ്യക്തികളാണ് ആന്റണി പെരുമ്പാവൂരും ജി സുരേഷ് കുമാറുമെന്നും മുതിർന്ന നിർമ്മാതാവാവായ സുരേഷ് കുമാർ ഇൻഡസ്ട്രിയെ വേദനിപ്പിക്കുന്ന ഒന്നും ചെയ്യില്ലെന്നും ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു.


