
കഴക്കൂട്ടം: ശ്രീകാര്യം പൗഡികോണത്ത് പതിനൊന്ന് വയസ്സുകാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പൗഡികോണം സുഭാഷ് നഗറിൽ ആരാധികയെയാണ് വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം.
മാതാപിതാക്കൾ വീട്ടിലില്ലായിരുന്ന സമയത്താണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. ജനലിൻ കെട്ടിയ റിബൺ കഴുത്തിൽ കുരുക്കിട്ട നിലയിലായിരുന്നു. വീട്ടിലുണ്ടായിരുന്ന ഇളയ കുട്ടിയാണ് ആദ്യം കണ്ടത്. തുടർന്ന് സമീപവാസികളെത്തി റിബൺ മുറിച്ച് ആശുപത്രിയിലെത്തിച്ചു.
ഓട്ടോ ഡ്രൈവറായ പിതാവും സ്വകാര്യ ആശുപത്രി ജീവനക്കാരിയായ മാതാവും വീട്ടിലില്ലായിരുന്നു. കുട്ടികൾ തമ്മിൽ കളിക്കുന്നതിനിടെയിൽ സംഭവിച്ചതാകം എന്നാണ് പ്രാഥമിക നിഗമനം.
തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ കുട്ടിയെ ഗുരുതരാവസ്ഥയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശ്രീകാര്യം പൗഡിക്കോണം സുഭാഷ് നഗർ, മാമൂട്ടിൽ വടക്കതിൽ വീട്ടിൽ ഡ്രൈവറായ രൂപേഷിൻ്റെയും തിരുവനന്തപുരം കിംസ് ആശുപത്രിയിലെ സെക്യൂരിറ്റി സ്റ്റാഫ് ചിത്രയുടെയും മകൾ ആരാധിക (11) യാണ് മരിച്ച നിലയിൽ കണ്ടത്. ചേങ്കോട്ടുകോണം സ്വമിയാർ മഠം ശ്രീ നീലകണ്ഠ വിദ്യാപീഠത്തിലെആറാം ക്ലാസ് വിദ്യാർത്ഥിനിയാണ് മരിച്ചആരാധിക.
മാതാപിതാക്കൾ ജോലിക്ക് പോയിരിക്കുന്നതിനാൽ വീട്ടിൽ കുട്ടികൾ തനിച്ചായിരുന്നു. അടുത്ത വീട്ടിലെ വീട്ടുകാരെ ഏൽപ്പിച്ചാണ് ഇരുവരും ജോലിക്ക് പോകുന്നത്. ഇന്നലെ ഉച്ചക്ക് ആരാധികയുടെ അനുജത്തി നാല് വയസുള്ള രുദ്ര അടുത്ത വീട്ടിൽ ഭക്ഷണം കഴിക്കാൻ പോയിരുന്നു. ഭക്ഷണം കഴിച്ച് 2 മണിയോടെ തിരികെ വീട്ടിലെത്തുമ്പോഴാണ് ചേച്ചിയെ റൂമിലെ ജനലിൽ ഷാൾ കുരുങ്ങി തൂങ്ങിയ നിലയിൽ കാണുന്നത്. കുട്ടിയുടെ നിലവിളി കേട്ടെത്തിയ അയൽവാസികളാണ് വിവരം പൊലിസിൽ അറിയിച്ചത്. ശ്രീകാര്യം പൊലീസെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.


