
തിരുവനന്തപുരം: എയർ ഇന്ത്യയുടെ വിമാനം വൈകിയതിനെ തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം. തിരുവനന്തപുരത്ത് നിന്നും മസ്കറ്റിലേക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ വിമാനം വൈകിയതിലാണ് യാത്രക്കാരുടെ പ്രതിഷേധം.
ഇന്ന് രാവിലെ 8.45 നായിരുന്നു വിമാനം പുറപ്പെടേണ്ടിരുന്നത്. എന്നാൽ രാവിലെ അഞ്ചു മണിക്ക് യാത്രക്കാർ വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് വിമാനം വൈകുമെന്ന് അധികൃതർ യാത്രക്കാരെ അറിയിച്ചത്. സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിൽ നിന്നും തമിഴ്നാട്ടിൽ നിന്നും എത്തിയ യാത്രക്കാർ ഇതോടെ പ്രതിഷേധം ആരംഭിച്ചു. മസ്കറ്റിൽ നിന്നും വിവിധ സ്ഥലങ്ങളിലേക്ക് പോകേണ്ട വർക്ക് കണക്ഷൻ വിമാന ടിക്കറ്റ് ഇതോടെ ഇവർക്ക് നഷ്ടപ്പെടും. വിസ കാലാവധി കഴിയുന്നവർക്ക് ജോലി നഷ്ടപ്പെടുമെന്ന ആശങ്കയുമുണ്ട്.
വൈകിട്ട് ആറുമണിക്ക് വിമാനം പുറപ്പെടുമെന്നാണ് ഇപ്പോൾ യാത്രക്കാരെ അറിയിച്ചിരിക്കുന്നത്. കൂടാതെ യാത്രക്കാരെ കഴക്കൂട്ടത്തെ ഹോട്ടലിലേയ്ക്ക് മാറ്റി.45 യാത്രക്കാരെയാണ് ഹോട്ടലിലേക്ക് മാറ്റിയത്. വിമാനം വൈകിയത് സാങ്കേതിക കാരണങ്ങളാലെന്നാണ് എയര്‍ എക്സ്പ്രസ് വിശദീകരണം.


