
ഇടുക്കി: മൂന്നാർ ബസ് അപകടത്തിൽ മരണം മൂന്നായി. എക്കോ പോയിന്റ് സമീപമായിരുന്നു ബസ് മറിഞ്ഞത്. ആധിക (19), വേണിക (19) , സുധൻ (19) എന്നിവരാണ് മരിച്ചത്. നാഗര്‍കോവില്‍ സ്‌കോട്ട് ക്രിസ്ത്യന്‍ കോളേജിലെ ബിഎസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥികളാണ് മരിച്ചത്.
അപകടസമയത്ത് തന്നെ ആധികയും വേണികയും മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ സുധൻ ചികിത്സയിലിരിക്കെയാണ് മരിച്ചത്. കുണ്ടള ഡാം സന്ദർശിക്കാൻ പോകുന്നതിനിടെ ബസ് എക്കോ പോയിന്‍റിന് സമീപം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
40 ഓളം പേർ ബസിലുണ്ടായിരുന്നതായാണ് വിവരം. അമിതവേഗതയാണ് അപകട കാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. തമിഴ്‌നാട് നാഗര്‍കോവില്‍ സ്‌കോട്ട് ക്രിസ്ത്യന്‍ കോളേജില്‍നിന്ന് ഇന്നലെ വൈകിട്ടാണ് മൂന്നാറിലേക്ക് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെട്ട സംഘം വിനോദസഞ്ചാരത്തിനായി യാത്രതിരിച്ചത്. മരിച്ചവരുടെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. ബസ് ഡ്രൈവറെ മൂന്നാർ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.


