
തിരുവനന്തപുരം: കാലഹരണപ്പെട്ടതും ഉപയോഗശൂന്യമായതുമായ മരുന്നുകൾ ശാസ്ത്രീയമായി ശേഖരിച്ച് സംസ്‌കരിക്കുന്നതിനായി സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് എൻപ്രൗഡ് (ന്യൂ പ്രോഗ്രാം ഫോർ റിമ്യൂവൽ ഓഫ് അൺയൂസ്ഡ് ഡ്രഗ്സ്) എന്ന പേരിൽ ഒരു പദ്ധതി ആവിഷ്‌ക്കരിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. ഉപയോഗ ശൂന്യമായ മരുന്നുകൾ വീട്ടിൽ നിന്നും ശേഖരിച്ച് കൊണ്ടു പോകുകയോ നിശ്ചിത സ്ഥലങ്ങളിൽ നിക്ഷേപിക്കാൻ സൗകര്യമൊരുക്കുകയോ ചെയ്യും. രാജ്യത്ത് തന്നെ ആദ്യമായാണ് സർക്കാർ തലത്തിൽ ഇത്തരമൊരു പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നത്. കോഴിക്കോട് കോർപ്പറേഷനിലും, കോഴിക്കോട് ജില്ലയിലെ ഉള്ള്യേരി പഞ്ചായത്തിലുമാണ് ഇത് ആദ്യമായി നടപ്പിലാക്കുന്നത്. തുടർന്ന് ഈ പദ്ധതി സംസ്ഥാന വ്യാപകമായി നടപ്പിലാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കാലഹരണപെട്ടതും ഉപയോഗശൂന്യമായതുമായ മരുന്നുകൾ അലക്ഷ്യമായി മണ്ണിലേക്കും ജലാശയങ്ങളിലേക്കും വലിച്ചെറിയാൻ പാടില്ല. ഇതിലൂടെ ആന്റിമൈക്രോബിയൽ പ്രതിരോധത്തിനും ആരോഗ്യ പ്രശ്നങ്ങൾക്കും പരിസ്ഥിതി മലിനീകരണത്തിനും കാരണമാകുന്നു. ഇത്തരം ഔഷധങ്ങൾ ശേഖരിക്കുവാനോ ശാസ്ത്രീയമായി സംസ്‌കരിക്കുവാനോ പര്യാപ്തമായ സംവിധാനങ്ങളൊന്നും നിലവിലില്ലാത്തതിനാലാണ് ഡ്രഗ്സ് കൺട്രോൾ വകുപ്പ് ഇതേറ്റെടുത്ത് നടപ്പിലാക്കുന്നത്.
ഉപയോഗയോഗ്യമല്ലാത്ത മരുന്നുകളുടെ അശാസ്ത്രീയമായ നിർമാർജനം പരിസ്ഥിതി മലിനീകരണത്തിന് ഇടയാക്കുന്നുവെന്ന് നിരവധി പഠനങ്ങൾ സൂചിപ്പിക്കുന്നുണ്ട്. ഇത്തരം പഠനങ്ങളുടെ അടിസ്ഥാനത്തിൽ ബയോമെഡിക്കൽ വേസ്റ്റ് മാനേജ്മെന്റ് ആക്ട് ആന്റ് റൂളിലെ വ്യവസ്ഥകൾ പാലിച്ചുകൊണ്ട് ഉപയോഗശൂന്യമായ മരുന്നുകൾ നിർമാർജനം ചെയ്യുവാനാണ് ഡ്രഗ്സ് കൺട്രോൾ വകുപ്പ് എൻപ്രൗഡ് ആവിഷ്‌ക്കരിച്ചിട്ടുള്ളത്.
നിശ്ചിത മാസങ്ങളിൽ വീട്ടിലെത്തി ഉപയോഗശൂന്യമായ മരുന്നുകൾ ശേഖരിക്കുന്നതാണ്. കൂടാതെ പെർമനന്റ് കളക്ഷൻ സൈറ്റുകളിൽ സ്ഥാപിച്ചിട്ടുള്ള നീല നിറമുള്ള പെട്ടികളിലും പൊതുജനങ്ങൾക്ക് മരുന്നുകൾ നിക്ഷേപിക്കാവുന്നതാണ്. മൊത്ത, ചില്ലറ വ്യാപാര സ്ഥാപനങ്ങൾ, ക്ലിനിക്കുകൾ എന്നിവിടങ്ങളിൽ നിന്നുമുള്ള ഉപയോഗശൂന്യമായ മരുന്നുകൾ മുൻ നിശ്ചയിക്കപ്പെട്ട സ്ഥലങ്ങളിലെ കളക്ഷൻ സെന്ററുകളിൽ എത്തിക്കേണ്ടതാണ്. തദ്ദേശ സ്ഥാപനങ്ങളുടേയും ഹരിതകർമ്മ സേനാംഗങ്ങളുടേയും സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
ഇപ്രകാരം ശേഖരിക്കുന്ന മരുന്നുകൾ കേന്ദ്ര-സംസ്ഥാന പരിസ്ഥിതി വകുപ്പുകളുടെ അംഗീകാരമുള്ള കേരള എൺവൈറോ ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡ് മാലിന്യ സംസ്‌കരണ പ്ലാന്റിൽ ശാസ്ത്രീയമായി സംസ്‌കരിക്കും.
പദ്ധതിയുടെ ഉദ്ഘാടനം ഫെബ്രുവരി 22ന് കോഴിക്കോട് വച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിക്കും.


