
തിരുവനന്തപുരം: മാർച്ച് 13ന് നടക്കുന്ന ആറ്റുകാൽ പൊങ്കാല ഉത്സവത്തിന്റെ അവലോകന യോഗം ആറ്റുകാൽ ക്ഷേത്രം ആഡിട്ടോറിയത്തിൽ ദേവസ്വം മന്ത്രി വി എൻ വാസവന്റെ അധ്യക്ഷതയിൽ ചേർന്നു. പൊങ്കാലയ്ക്ക് ഗ്രീൻ പ്രോട്ടോക്കോൾ കൃത്യമായി പാലിക്കണമെന്നും ഫ്‌ളക്‌സ് ബോർഡുകൾ പൂർണ്ണമായി ഒഴിവാക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു. ഭക്ഷണം നൽകുന്നതിന് പ്ലാസ്റ്റിക്ക് പാക്കറ്റുകൾ പൂർണമായും ഒഴിവാക്കണമെന്നും മാലിന്യം നീക്കം ചെയ്യുന്നതിന് നഗരസഭ ഈഞ്ചയ്ക്കലിൽ നടപ്പിലാക്കുന്ന സംവിധാനം കാര്യക്ഷമമായി നടപ്പിലാക്കണമെന്നും മന്ത്രി പറഞ്ഞു.
പരിസരവാസികൾക്ക് ഗതാഗത സൗകര്യം ഉറപ്പാക്കുന്നതിന് പാസുകൾ നൽകുന്നതിന് നടപടിയെടുക്കണമെന്നും ഭക്തർക്കായി പന്തൽ സ്ഥാപിക്കണമെന്നും നിർദ്ദേശിച്ചു. ഇ – ടോയ്‌ലെറ്റുകളുടെ എണ്ണം കൂട്ടണം. മുൻ വർഷത്തിൽ നിന്നും കൂടുതൽ വനിതാ പൊലീസുകാരെ നിയോഗിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.
കിള്ളിയാറിന്റെ കടവിലും പരിസരത്തും കുടിവെള്ള ടാപ്പുകൾ സ്ഥാപിക്കണമെന്നും ഇവിടങ്ങളിലെ ശുചിത്വം ഉറപ്പനാകണമെന്നും നിർദ്ദേശിച്ചു’. ലഹരി ഉപയോഗം തടയുന്നതിനുള്ള നടപടികൾ എക്സൈസും പോലീസും സ്വീകരിക്കണം. ശുചീകരണ നടപടികൾക്കായി തിരുവനന്തപുരം നഗരസഭയും ശുചിത്വ മിഷനും സഹകരിച്ചു പ്രവർത്തിക്കണം. ആരോഗ്യവകുപ്പ്, ഫുഡ് സേഫ്റ്റി കമ്മീഷണറേറ്റ്, ലീഗൽ മെട്രോളജി തുടങ്ങിയ വകുപ്പുകളുടെ പ്രവർത്തന ഏകോപനം ഉണ്ടാവണമെന്ന് മന്ത്രി നിർദ്ദേശിച്ചു. ജലസ്രോതസുകൾ ഉൾപ്പടെ പരിശോധിച്ച് കുടിവെള്ളം പരിശോധന കർശനമാക്കണം. എല്ലാ വാർഡുകളിലും ഉപയോഗിക്കാനാവുന്ന രീതിയിൽ സന്നദ്ധ സംഘടനകളുടെ ഉൾപ്പടെയുള്ള ആംബുലൻസ് സേവനങ്ങൾ ക്രമീകരിക്കണം. പരിചയസമ്പന്നരായ ഡോക്ടർമാരും നഴ്‌സുമാരും ഉൾപ്പടെയുള്ള എല്ലാ മെഡിക്കൽ സേവനങ്ങളും എല്ലാ പ്രദേശങ്ങളിലും ഉറപ്പാക്കണം.
വൈദ്യുതി തടസമുണ്ടാകാതിരിക്കാൻ കെ.എസ്.ഇ.ബി. ശ്രദ്ധിക്കണം. ബസ് സർവീസുകൾ വർധിപ്പിക്കണം. ജലലഭ്യതയ്ക്കുള്ള സംവിധാനങ്ങൾ വാട്ടർ അതോറിറ്റി ഉറപ്പാക്കണമെന്നും കൺട്രോൾ റൂം സ്ഥാപിക്കണമെന്നും മന്ത്രി പറഞ്ഞു.
ദേവസ്വം സ്പെഷ്യൽ സെക്രട്ടറി ഡി സജിത്ത് ബാബു, കളക്ടർ അനുകുമാരി, കമ്മീഷണർ തോംസൺ ജോസ്, സബ് കളക്ടർ ആൽഫ്രഡ് ഒ വി, ആറ്റുകാൽ വാർഡ് കൗൺസിലർ ആർ ഉണ്ണികൃഷ്ണൻ, ആറ്റുകാൽ ട്രസ്റ്റ് ഭാരവാഹികളായ ചെയർമാൻ വേണുഗോപാൽ, പ്രസിഡന്റ് വി ശോഭ, സെക്രട്ടറി കെ ശരത്കുമാർ വിവിധ സർക്കാർ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.


