
കൊല്ലം: കൊല്ലം കുണ്ടറയിൽ ട്രെയിൻ അട്ടിമറിയ്ക്ക് ശ്രമമെന്ന് സംശയം. പാളത്തിന് കുറുകെ ടെലിഫോൺ പോസ്റ്റ് കണ്ടെത്തിയിരുന്നു. ഇതാണ് അട്ടിമറി സാധ്യതയുണ്ടായെന്ന നിഗമനത്തിലേക്ക് എത്തിച്ചത്.
രണ്ടിടത്താണ് പോസ്റ്റ് കണ്ടെത്തിയത്. ആദ്യ പോസ്റ്റ് കണ്ടത് രാത്രി രണ്ടു മണിക്കാണ്. കുണ്ടറ ആറുമുറിക്കടയ്ക്ക് സമീപമാണ് റയിൽവേ പാളത്തിന് കുറുകെ വെച്ച ആദ്യത്തെ ടെലിഫോൺ പോസ്റ്റ് കണ്ടെത്തിയത്. നാട്ടുകാരാണ് ഇത് ആദ്യം കണ്ടത്.
ഉടൻ തന്നെ പോലീസിൽ വിവരമറിയിരിക്കുകയായിരുന്നു. തുടർന്ന് എഴുകോൺ പൊലീസ് എത്തി ആദ്യ സ്ഥലത്തെ പോസ്റ്റ് എടുത്തുമാറ്റി. അതിനു ശേഷം നടത്തിയ പരിശോധനയിലാണ് രണ്ടാമത്തെ പോസ്റ്റ് കണ്ടെത്തിയത്. മൂന്ന് മണിയോടെയാണ് രണ്ടാമത്തെ പോസ്റ്റ് കണ്ടെത്തിയത്.
പാലരുവി ട്രെയിൻ കടന്നു പോകുന്നതിന് മുൻപാണ് സംഭവം നടന്നത്. സംഭവത്തിൽ പുനലൂർ റെയിൽവേ പൊലീസ് അന്വേഷണം ആരംഭിച്ചു. ട്രെയിൻ അട്ടിമറി ശ്രമമാണോ നടന്നതെന്ന് കേന്ദ്രീകരിച്ചാണ് അന്വേഷണം.


