
കണ്ണൂർ: കാട്ടാന ആക്രമണത്തിൽ ദമ്പതികൾ മരിച്ചു. കണ്ണൂർ ആറളം ഫാമിൽ വച്ചാണ് ആദിവാസി ദമ്പതികളെ കാട്ടാന ചവിട്ടിക്കൊന്നത്. ആറളം ഫാം ബ്ലോക്ക് 13ലാണ് സംഭവം നടന്നത്. വെള്ളി, ഭാര്യ ലീല എന്നിവരാണ് മരിച്ചത്.
ദമ്പതികൾ കശുവണ്ടി ശേഖരിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ഇന്ന് വൈകുന്നേരമാണ് സംഭവം നടന്നത്. ജനവാസ മേഖലയിലാണ് കാട്ടാന ആക്രമണം ഉണ്ടായതെന്നാണ് വിവരം. രണ്ടു പേരും സംഭവ സ്ഥലത്ത് വച്ചു തന്നെ കൊല്ലപ്പെട്ടു.
അതെ സമയം സംഭവത്തിൽ വകുപ്പുകളുടെ ഏകോപന പ്രവര്‍ത്തനത്തിന് കര്‍ശന നിര്‍ദേശം നല്‍കിയതായി വനംമന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു. പാതി പൂർത്തിയായ ആനമതിൽ നിർമ്മാണവും പെട്ടെന്ന് പൂർത്തിയാക്കാനും മരണപ്പെട്ടവരുടെ കുടുംബത്തിനുള്ള നഷ്ട പരിഹാരം ഉടന്‍ നൽകുമെന്നും മന്ത്രി അറിയിച്ചു.


