
കണ്ണൂർ: ആറളം ഫാമിൽ പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ആറളം സ്വദേശി വെള്ളി (80), ഭാര്യ ലീല (72) എന്നിവരെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തിൽ കുടുംബത്തിന് ആകെ 20 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും ആദ്യഗഡുവായ 10 ലക്ഷം രൂപ തിങ്കളാഴ്ച തന്നെ വിതരണം ചെയ്യാനും ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന അടിയന്തിര ദുരന്ത നിവാരണ സമിതി യോഗം തീരുമാനിച്ചു. ഒരാൾക്ക് 10 ലക്ഷം രൂപ വീതമാണ് വനം വകുപ്പിന്റെ നഷ്ടപരിഹാരം. ഇതിൽ അഞ്ച് ലക്ഷം രൂപ വീതമാണ് ആദ്യഗഡുവായി നൽകുക. അവസാന ഗഡുവും വൈകാതെ നൽകും.
വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ തിങ്കളാഴ്ച ഉച്ചക്ക് ശേഷം ആറളം ഫാം സന്ദർശിക്കും. തുടർന്ന് ആറളം ഗ്രാമപഞ്ചായത്തിൽ മന്ത്രിയുടെ അധ്യക്ഷതയിൽ സർവകക്ഷി യോഗം ചേരും. രാവിലെ ഉദ്യോഗസ്ഥതലത്തിലുള്ള യോഗം ജില്ലാ കലക്ടർ വിളിച്ചിട്ടുണ്ട്.
ആറളം ഫാമിലെ പുനരധിവാസ മേഖലയിലെ 13ാം ബ്ലോക്കിലും ഫാമിലും നിലയുറപ്പിച്ചിരിക്കുന്ന കാട്ടാനകളെ വന്യജീവി സങ്കേതത്തിലേക്ക് തുരത്താനുള്ള നടപടി ശക്തമാക്കാൻ വനം വകുപ്പിന് ദുരന്ത നിവാരണ സമിതി യോഗം നിർദേശം നൽകി.
ഇൻക്വസ്റ്റിന് ശേഷം മൃതദേഹങ്ങളുടെ പോസ്റ്റ് മോർട്ടം വേഗത്തിൽ നടത്താൻ ഡിഎംഒക്ക് നിർദേശം നൽകി. ഓൺലൈനായി ചേർന്ന യോഗത്തിൽ ദുരന്ത നിവാരണ അതോറിറ്റി ചെയർമാനായ ജില്ലാ കലക്ടർ അരുൺ കെ വിജയൻ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് അഡ്വ. ബിനോയ് കുര്യൻ, റൂറൽ പോലീസ് മേധാവി അനൂജ് പലിവാൽ, സബ് കലക്ടർ കാർത്തിക് പാണിഗ്രഹി, വനം വന്യജീവി വകുപ്പ് ഉത്തരമേഖലാ സിസിഎഫ് കെ എസ് ദീപ, ഐടിഡിപി പ്രൊജക് ഓഫീസർ, പിഡബ്ല്യുഡി, ആറളം ഫാം ഉദ്യോഗസ്ഥർ, ഇരിട്ടി തഹസിൽദാർ, മറ്റ് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.


