
തിരുവനന്തപുരം: തിരുവനന്തപുരം വെഞ്ഞാറമൂട്ടിലെ കൂട്ടക്കൊലയ്ക്ക് പിന്നില്‍ സാമ്പത്തിക ബാധ്യതയാണെന്നാണ് പ്രതിയുടെ മൊഴി. എന്നാൽ പ്രതിയുടെ വാദം പൂർണമായും പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. പ്രതി നടത്തിയ ഇടപാടുകളെ കുറിച്ച് അന്വേഷിക്കാനൊരുങ്ങുകയാണ് പോലീസ്.
കൂടാതെ പ്രതി ലഹരി ഉപയോഗിച്ചിരുന്നോ എന്നറിയാനായി രക്തപരിശോധന നടത്തുമെന്നും മാനസിക ആരോഗ്യം പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു. അതെ സമയം കൃത്യമായ ആസൂത്രണത്തോടെയാണ് പ്രതി കൊലപാതകങ്ങൾ നടത്തിയതെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. തലയ്ക്കടിച്ചാണ് എല്ലാവരെയും അഫാൻ കൊലപ്പെടുത്തിയത്.
കൊല്ലപ്പെട്ടവരുടെ തലയിൽ മാരകമായ മുറിവുണ്ട്. 6 മണിക്കൂറിനുള്ളിലാണ് 5 കൊലപാതകങ്ങൾ ഇയാൾ നടത്തിയത്. ഇന്നലെ രാവിലെ ഉമ്മയെയാണ് പ്രതി അഫാൻ ആദ്യം ആക്രമിച്ചത്. ഉമ്മയോട് അഫാൻ ആദ്യം പണം ആവശ്യപ്പെട്ടു. എന്നാൽ ഉമ്മ പണം നല്കാൻ വിസമ്മതിക്കുകയായിരുന്നു. ഇതേ തുടർന്നാണ് ഉമ്മയെ ആക്രമിച്ചത്. രാവിലെ 10 മണിക്കാണ് ഈ സംഭവം നടന്നത്.
തുടർന്ന് 1.15 മുത്തശ്ശി സൽമ ബീവിയെ ആക്രമിച്ചു. അതിനുശേഷം വൈകിട്ട് 3 മണിയോടെ ബാപ്പയുടെ സഹോദരൻ ലത്തീഫിനെയും ഭാര്യയെയും ആക്രമിച്ചു. 4 മണിയോടെ കാമുകിയെ കൊലപെടുത്തി. പേരുമലയിലെ വീട്ടിലേക്ക് വിളിച്ചു വരുത്തിയാണ് കാമുകിയെ കൊലപ്പെടുത്തിയത്. അവസാനം വീട്ടിൽ വെച്ച് സഹോദരൻ അഫ്സാനെയും കൊല്ലുകയ്യായിരുന്നു.


