
കഴക്കൂട്ടം: കഴക്കൂട്ടത്തെ സബ്ട്രഷറിയിൽ ഇടപാടുകൾക്കെത്തുന്ന പെൻഷൻകാർക്ക് , ഇനി പെൻഷനും വാങ്ങാം ,പഴയ സുഹൃത്തുക്കൾക്കൊപ്പം അല്പ നേരം സൊറ പറഞ്ഞിരിക്കുകയുമാവാം.
പോത്തൻകോട് ബ്ലോക്ക് പഞ്ചായത്താഫീസ് കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന കഴക്കൂട്ടം സബ് ട്രഷറിയിൽ പെൻഷൻ വാങ്ങാനെത്തുന്ന വയോജനങ്ങൾക്ക് പ്രകൃതി ദത്തമായ വിശ്രമകേന്ദ്രമൊരുക്കി പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത്.
സ്ഥല പരിമിതി മൂലം ഇടപാടുകാർക്ക് ഇരിക്കാനാവശ്യമായ സ്ഥല സൗകര്യമൊരുക്കാനാവാതെ ബുദ്ധിമുട്ടുകയായിരുന്നു ട്രഷറി അധികൃതർ . പെൻഷൻ വിതരണം ചെയ്യുന്ന മാസാദ്യ ദിനങ്ങളിൽ ഈ തിരക്ക് ഏറെ വർദ്ധിക്കും.
പ്രായമേറിയ പെൻഷൻകാരുടെ നിരന്തര അഭ്യർത്ഥനയെ തുടർന്നാണ് ട്രഷറിക്കു സമീപമുള്ള തണൽ മരത്തിൻ്റെ ചുവട്ടിൽ വിശ്രമമിടമൊരുക്കാൻ ബ്ലോക്ക് പഞ്ചായത്ത് തീരുമാനിച്ചത്. തീരുമാനമറിഞ്ഞ് സഹകരണ വാഗ്ദാനവുമായി സമീപത്തെ സെൻ്റ് ആൻ്റണീസ് എൽ.പി. സ്കൂളിലെ ഹെഡ്മാസ്റ്റർ മനോജ് രംഗത്തെത്തിയതോടെ പിന്നീടെല്ലാം വേഗത്തിലാവുകയായിരുന്നു.
ബ്ലോക്ക് പഞ്ചായത്ത് ഫണ്ടിൽ നിന്നും ഒരു രൂപ പോലും ചെലവഴിക്കാതെയാണ് സൊറയിടമെന്ന് പേരിട്ട ഈ വിശ്രമകേന്ദ്രമൊരുങ്ങിയത്.


