
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് വർഷം തോറും ഭക്തജനങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിൽ അലസമായ കാഴ്ചപ്പാട് പാടില്ലെന്നും ആളുകളെ തടഞ്ഞുനിർത്തിയല്ല, സ്വാഗതം ചെയ്തുവേണം ഉത്സവം ഭംഗിയാക്കേണ്ടതെന്നും റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ. ആറ്റുകാൽ പൊങ്കാല ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി ക്ഷേത്രം ട്രസ്റ്റ് ഹാളിൽ സംഘടിപ്പിച്ച റവന്യൂ ഉദ്യോഗസ്ഥരുടേയും ദുരന്ത നിവാരണ അതോറിറ്റിയുടേയും യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആറ്റുകാൽ ക്ഷേത്രത്തിന് സമീപമുള്ള ഭൂമിയുമായി ബന്ധപ്പെട്ട് സങ്കീർണമായ നിരവധി പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഡിജിറ്റൽ റീസർവേ ആരംഭിക്കുന്നതിന് മുൻപ് തന്നെ ഇത്തരം പ്രശ്നങ്ങൾ എല്ലാം പരിഹരിക്കുന്നതിന് റവന്യൂ വകുപ്പിന് സാധിച്ചു. കോവിഡ് കഴിഞ്ഞതിനു ശേഷം ആളുകളിൽ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ വർദ്ധിക്കുന്നുണ്ട്. ഇത്തരം സാഹചര്യങ്ങൾ നേരിടുന്നതിന് സിവിൽ ഡിഫൻസ്, പോലീസ്, മെഡിക്കൽ ടീമുകൾ യോജിച്ച് പ്രവർത്തിക്കണം. രോഗികളെ കൊണ്ടുപോകുന്നതിന് ആവശ്യമായ സ്ട്രക്ച്ചേഴ്സ് സജ്ജീകരിക്കണമെന്നും മന്ത്രി പറഞ്ഞു.
ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് ജില്ലാ ഭരണകൂടം തയ്യാറാക്കിയ എമർജൻസി ആക്ഷൻ പ്ലാൻ മന്ത്രിക്ക് സമർപ്പിച്ചു. വളരെ വിശദമായ ഒരു ആക്ഷൻപ്ലാനാണ് സമർപ്പിച്ചിരിക്കുന്നതെന്നും ഇതനുസരിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുന്നതായും മന്ത്രി കെ.രാജൻ പറഞ്ഞു.
ആറ്റുകാൽ പൊങ്കാല ദിവസത്തെ അടിയന്തിര സാഹചര്യങ്ങൾ നേരിടുന്നതിനായി സ്വകാര്യ ആശുപത്രികളുടെ യോഗം വിളിച്ചതായി സബ് കളക്ടർ ആൽഫ്രഡ് ഒ.വി യോഗത്തിൽ അറിയിച്ചു. 10 കിടക്കകൾ വീതം സ്വകാര്യ ആശുപത്രികളിൽ ഒഴിച്ചിടുന്നതിനും പൊള്ളലേൽക്കുന്നവർക്ക് ചികിത്സ നൽകുന്നതിന് ബേൺ ഐസിയു സജ്ജമാക്കുന്നതിനും നിർദ്ദേശം നൽകി. പൊങ്കാലയ്ക്ക് വോളണ്ടിയേഴ്സിന്റെ സേവനം ലഭ്യമാക്കുമെന്നും സബ് കളക്ടർ അറിയിച്ചു.
എഡിഎം ബീന പി ആനന്ദ്, റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ. ലാൻഡ് റവന്യൂ ജോയിൻ്റ് കമ്മിഷണർ എ.ഗീത, കേരള ദുരന്ത നിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി ശേഖർ കുര്യാക്കോസ്, തഹസിൽദാർമാർ, ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.


