
തൃശ്ശൂർ: തൃശൂര്‍ ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ജാതി വിവേചനമെന്ന് പരാതി. കേരള ദേവസ്വം റിക്രൂട്ട്‌മെന്‍റ് ബോര്‍ഡ് പരീക്ഷ നടത്തി കൂടല്‍മാണിക്യം ക്ഷേത്രത്തിലെ കഴകം തസ്തികയില്‍ നിയമിച്ച തിരുവനന്തപുരം സ്വദേശിയെയാണ് ജോലിയിൽ നിന്ന് താത്കാലികമായി മാറ്റിയത്.
തിരുവനന്തപുരം ആര്യനാട് സ്വദേശിയായ വിഎ ബാലുവിനെതിരെയാണ് ജാതി വിവേചനം നേരിടുന്നതായി പരാതിയുള്ളത്. ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് വഴി കഴകപ്രവർത്തിയിൽ നിയമിച്ച ബാലുവിനെ ഓഫീസിലേക്ക് സ്ഥലംമാറ്റി.
ഫെബ്രുവരി 24 നാണ് കഴകം പ്രവര്‍ത്തിക്ക് ഈഴവ സമുദായത്തില്‍ പെട്ട ബാലു നിയമിതനായത്. പിന്നോക്കക്കാരനായ ബാലുവിനെ ജോലിയില്‍നിന്ന് മാറ്റിനിര്‍ത്തണം എന്ന് ആവശ്യപ്പെട്ട് തന്ത്രിമാരുടെ ക്ഷേത്ര ബഹിഷ്‌കരണ സമരം നടക്കുകയും ക്ഷേത്രത്തിലെ ശുദ്ധ ക്രിയകളില്‍ പങ്കെടുക്കാതെ തന്ത്രിമാര്‍ മാറി നിൽക്കുകയും ഒക്കെ ചെയ്തു.
ഈഴവൻ ആയതിനാൽ കഴക പ്രവർത്തി ചെയ്യാനാവില്ല എന്ന നിലപാടാണ് തന്ത്രിമാരും വാര്യർ സമാജം എടുത്തതെന്ന് ഭരണസമിതി വ്യക്തമാക്കി. ഇതേ തുടർന്നാണ് ദേവസ്വം ബോര്‍ഡ് ബാലുവിനെ ഓഫീസ് അറ്റന്‍ഡര്‍ തസ്തികയിലേക്ക് താല്‍ക്കാലികമായി മാറ്റിയത്. എന്നാല്‍ സാങ്കേതികമായ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് നടപടി എന്നാണ് ദേവസ്വം ബോര്‍ഡിന്റെ വിശദീകരണം.


