
തൃശൂര്‍: കൂടൽമാണിക്യം ക്ഷേത്രത്തിലെ ജാതി വിവേചനത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. കൊച്ചിൻ ദേവസ്വം കമ്മീഷണറും കൂടൽമാണിക്യം എക്സിക്യൂട്ടിവ് ഓഫീസറും അന്വേഷണം നടത്തി രണ്ടാഴ്ചക്കകം റിപ്പോർട്ട് നൽകണം. മനുഷ്യാവകാശ കമ്മീഷൻ അംഗം വി. ഗീതയാണ് ആവശ്യപ്പെട്ടത്.
കേരള ദേവസ്വം റിക്രൂട്ട്‌മെന്‍റ് ബോര്‍ഡ് പരീക്ഷ നടത്തി കൂടല്‍മാണിക്യം ക്ഷേത്രത്തിലെ കഴകം തസ്തികയില്‍ നിയമിച്ച തിരുവനന്തപുരം സ്വദേശിയെ ജോലിയിൽ നിന്ന് താത്കാലികമായി മാറ്റിയ വാർത്ത ശ്രദ്ധയിൽപ്പെട്ടതോടെയാണ് മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടത്.
തിരുവനന്തപുരം ആര്യനാട് സ്വദേശിയായ വിഎ ബാലുവിനെതിരെയാണ് ജാതി വിവേചനം നേരിടുന്നതായി പരാതിയുള്ളത്. ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് വഴി കഴകപ്രവർത്തിയിൽ നിയമിച്ച ബാലുവിനെ ഓഫീസിലേക്ക് സ്ഥലംമാറ്റി.
ഫെബ്രുവരി 24 നാണ് കഴകം പ്രവര്‍ത്തിക്ക് ഈഴവ സമുദായത്തില്‍ പെട്ട ബാലു നിയമിതനായത്. പിന്നോക്കക്കാരനായ ബാലുവിനെ ജോലിയില്‍നിന്ന് മാറ്റിനിര്‍ത്തണം എന്ന് ആവശ്യപ്പെട്ട് തന്ത്രിമാരുടെ ക്ഷേത്ര ബഹിഷ്‌കരണ സമരം നടക്കുകയും ക്ഷേത്രത്തിലെ ശുദ്ധ ക്രിയകളില്‍ പങ്കെടുക്കാതെ തന്ത്രിമാര്‍ മാറി നിൽക്കുകയും ഒക്കെ ചെയ്തു.
ഈഴവൻ ആയതിനാൽ കഴക പ്രവർത്തി ചെയ്യാനാവില്ല എന്ന നിലപാടാണ് തന്ത്രിമാരും വാര്യർ സമാജം എടുത്തതെന്ന് ഭരണസമിതി വ്യക്തമാക്കി. ഇതേ തുടർന്നാണ് ദേവസ്വം ബോര്‍ഡ് ബാലുവിനെ ഓഫീസ് അറ്റന്‍ഡര്‍ തസ്തികയിലേക്ക് താല്‍ക്കാലികമായി മാറ്റിയത്.


