
പോത്തൻകോട്: പോത്തൻകോട് ബാറിൽ സംഘർഷത്തിനിടെ രണ്ടുപേരെ വെട്ടിയ കേസിൽ രണ്ടു പ്രതികൾ അറസ്റ്റിൽ. അയിരൂപ്പാറ സ്വദേശികളായ ശ്യാംരാജ്(28), ബിനു (28) എന്നിവരെയാണ് പോത്തൻകോട് പോലീസ് അറസ്റ്റു ചെയ്തത്.പോത്തൻകോട് ജംഗ്ഷനു സമീപത്തെ ബാറിലുണ്ടായ സംഘർഷത്തിലാണ് വാവറയമ്പലം ഗാന്ധിനഗർ കൈലാസം വീട്ടിൽ സജീവ് രാജ് (27), സുഹൃത്ത് ഷിജിൻ (26) എന്നിവർക്ക് വെട്ടേറ്റത്.
കഴിഞ്ഞ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. രാത്രി 8 മണിയോടെ ബാറിലെത്തിയ സജീവും സുഹൃത്തുക്കളായ ഷിജിൻ,മഹേഷ് എന്നിവരും മദ്യപിക്കുന്നതിനിടെ തൊട്ടടുത്ത് ഇരുന്ന് മദ്യപിച്ച ആളുമായി തർക്കമുണ്ടായി. ഇതേ തുടർന്ന് വിഷ്ണു മടങ്ങി പോയി.
പത്തുമണിയോടെ ശ്യാംരാജിനേയും ബിനുവിനേയും കൂട്ടി തിരികെയെത്തി ഇവരെ ആക്രമിക്കുകയായിരുന്നു. ശ്യാംരാജും സുഹൃത്തായ ബിനുവും ചേർന്ന് കൈയിൽ കരുതിയിരുന്ന വെട്ടുകത്തി കൊണ്ട് സജീവിനെയും ഷിജിനെയും തലയിലും മുഖത്തും കൈയിലും വെട്ടുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഇവർ രണ്ടുപേരും മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.ആക്രമണത്തിനിടെ പ്രതികൾക്കും പരിക്കു പറ്റിയിരുന്നു.
സംഭവശേഷം ഒളിവിൽപ്പോയ പ്രതികളെ ബുധനാഴ്ച രാത്രിയാണ് പിടികൂടിയത്. ഈ കേസിലെ മൂന്നാം പ്രതിയായ വിഷ്ണു ഇപ്പോഴും ഒളിവിലാണ്. പ്രതികളെ സംഭവ സ്ഥലത്തെത്തിച്ചു് തെളിവെടുപ്പ് നടത്തി. വെട്ടാൻ ഉപയോഗിച്ച ആയുധവും പോലീസ് കണ്ടെടുത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.വട്ടപ്പാറ ഇൻസ്പെക്ടർ ശ്രീജിത്ത്, പോത്തൻകോട് എസ് ഐ രാഹുൽ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.


