
തിരുവനന്തപുരം: കാർഷിക മേഖലയിലെ സ്റ്റാർട്ടപ്പുകളും സംരംഭകത്വവും പ്രോത്സാഹിപ്പിക്കുന്നതിനായി, കാർഷിക സർവ്വകലാശാലയും നബാർഡും വെസ്റ്റേൺ സിഡ്നി യൂണിവേഴ്സിറ്റിയും സംയുക്തമായി വെള്ളായണി കാർഷിക കോളേജിൽ ആരംഭിക്കുന്ന “കെ-അഗ്രിടെക് ലോഞ്ച്പാഡ്” പദ്ധതിയുടെ ലോഗോ അനാച്ഛാദനവും ഉദ്ഘാടനവും കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് നിർവഹിച്ചു.
വിളവെടുപ്പിന് ശേഷമുള്ള ഭീമമായ നഷ്ടം നികത്തിക്കൊണ്ട് കാർഷിക മേഖലയുടെ വികസനത്തിനായി നൂതനാശയങ്ങൾ ഉൾകൊള്ളുന്ന സ്റ്റാർട്ടപ്പുകളെയും കർഷക സംരംഭകരെയും പ്രോത്സാഹിപ്പിക്കുന്നതിലൂടെ കർഷകരുമായി ആത്മബന്ധം സ്ഥാപിക്കുന്നതിനുള്ള ചുവടുവെപ്പായി ഈ പദ്ധതി മാറുമെന്ന് കൃഷിമന്ത്രി പറഞ്ഞു. നബാർഡിന്റെ ഗ്രാമീണ ബിസിനസ്സ് ഇൻക്യുബേഷൻ സെന്റർ (RBIC) പദ്ധതിയായി 2025 മുതൽ അഞ്ചുവർഷത്തേക്ക് 14.575 കോടി രൂപയാണ് ഇതിന് വകയിരുത്തിയിരിക്കുന്നത്. ചടങ്ങിൽ നബാർഡ് ചെയർമാൻ ഡോ. ഷാജി കെ. വി. കെ-അഗ്രിടെക് ലോഞ്ച്പാഡ് ഡിസൈൻ അനാച്ഛാദനം ചെയ്യുകയും ധാരണാപത്രം കൈമാറുകയും ചെയ്തു. വെസ്റ്റേൺ സിഡ്നി യൂണിവേഴ്‌സിറ്റി (WSU) പ്രോ വൈസ് ചാൻസലർ ഡോ. നിക്കോലിൻ മർഡോക്ക് ഇൻകുബേഷനായി തിരഞ്ഞെടുത്ത സാങ്കേതിക വിദ്യകൾ പ്രകാശനം ചെയ്തു.
കോവളം നിയോജകമണ്ഡലം എം.എൽ.എ എം. വിൻസെൻ്റിൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കാർഷിക സർവകലാശാല വൈസ് ചാൻസലർ ഡോ. ബി. അശോക്, കാർഷിക കോളേജ് ഫാക്കൽറ്റി ഡീൻ ഡോ. റോയ് സ്റ്റീഫൻ, വെസ്റ്റേൺ സിഡ്നി യൂണിവേഴ്സിറ്റി പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ ഡോ. നിഷ രാകേഷ്, കല്ലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സോമശേഖരൻ നായർ, കേരള കാർഷിക സർവ്വകലാശാല എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഷിബു എസ്.എൽ, ജനറൽ കൗൺസിൽ അംഗം ഡോ. തോമസ് ജോർജ്, അക്കാദമിക് കൗൺസിൽ അംഗം ഡോ. റഫീഖർ എം, കേരള സ്റ്റേറ്റ് പ്ലാനിംഗ് ബോർഡ് അഗ്രി ചീഫ് എസ്.എസ്. നാഗേഷ്, സർവ്വകലാശാല വിജ്ഞാന വ്യാപന ഡയറക്ടർ ഡോ. ജേക്കബ് ജോൺ, ഗവേഷണ ഡയറക്ർ ഡോ. കെ. എൻ. അനിത്ത്, കാർഷിക കോളേജ് അധ്യാപകരായ ഡോ. എം എച്ച്. ഫൈസൽ, ഡോ. അലൻ തോമസ്, എന്നിവർ പങ്കെടുത്തു.
അതിനുശേഷം നടന്ന ടെക്നിക്കൽ സെഷനിൽ നബാർഡ് ചെയർമാൻ ഡോ. ഷാജി കെ. വി. “ശോഭനമായ ഗ്രാമീണ ഭാവിക്കായി” എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തി.
കാർഷികോത്പന്നങ്ങളുടെ മൂല്യവർധനവ്, വൈവിധ്യവൽക്കരണം എന്നിവയിലൂടെ കർഷകരുടെയും സംരംഭകരുടെയും വരുമാന വർദ്ധനവിനുള്ള സാധ്യത ഉറപ്പുവരുത്തുക, കാർഷിക മേഖലയിലുള്ള സ്റ്റാർട്ടപ്പുകൾക്ക് ആവശ്യമായ സാങ്കേതിക സാമ്പത്തിക പിന്തുണ നൽകുകയും ഇൻക്യുബേഷന് വേണ്ടിയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുകയും ചെയ്യുക, സ്ത്രീ സംരംഭകർക്ക് പ്രാമുഖ്യം നൽകി അവരെ ശാക്തീകരിക്കുന്നതിനാവശ്യമായ പദ്ധതികൾ നടപ്പിലാക്കുക, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ (AI) സഹായത്തോടെ വിവിധ വിളകളിലെ കൃത്യതാ കൃഷിക്കുള്ള സാങ്കേതിക വിദ്യകൾ ഉരുത്തിരിച്ചെടുക്കുക എന്നിവയൊക്കെയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.
ഇതോടൊപ്പം ആസ്ട്രേലിയയിലെ വെസ്റ്റേൺ സിഡ്നി യൂണിവേഴ്സിറ്റിയുടെ സാങ്കേതിക സഹായത്തോടെ ഒരു ഹൈടെക് കൃഷി യൂണിറ്റ് വെള്ളായണി കാർഷിക കോളേജിൽ സ്ഥാപിക്കുന്നതാണ്.


