
കഴക്കൂട്ടം : തുമ്പ സെന്റ്.സേവ്യേഴ്സ് കോളേജ് വജ്രജൂബിലി ആഘോഷ സമാപന ഉദ്ഘാടനവും പുരസ്കാരവിതരണവും ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ള നിർവഹിച്ചു. സമൂഹത്തിന്റെ പിന്നാക്കവിഭാഗങ്ങളിൽ നിന്ന് അനേകം പ്രതിഭകളെ വാർത്തെടുക്കാൻ സെന്റ്. സേവ്യേഴ്സ് കോളേജ് വഹിച്ച പങ്ക് അവിസ്മരണീയമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കോളേജ് മാനേജർ ഫാ.സണ്ണി ജോസ് എസ്.ജെ. ചടങ്ങിൽ അധ്യക്ഷനായി. ഗവർണർക്ക് കോളേജിന്റെ സ്നേഹോപഹാരം കോളേജ് മാനേജർ ഫാ.സണ്ണി ജോസ് എസ്.ജെയും കവി വി.മധുസൂദനൻ നായരും ചേർന്നു സമ്മാനിച്ചു. പുരസ്കാരജേതാക്കളായ വി.കെ.പ്രശാന്ത് എം.എൽ.എ, കവി പ്രൊഫ.വി.മധുസൂദനൻ നായർ, ചലച്ചിത്രനടൻ പ്രേംകുമാർ, സാമൂഹിക സംരംഭകൻ ഡോ.ബേബി സാം സാമുവൽ, സാഹിത്യനിരൂപകൻ ഡോ.എ.എം.ഉണ്ണിക്കൃഷ്ണൻ, ആർച്ച് ബിഷപ്പ് ഡോ.തോമസ് ജെ നെറ്റോ എന്നിവർക്ക്15000 രൂപ അവാർഡ് തുകയും പ്രശസ്‌തിപത്രവും ഗവർണർ വിതരണം ചെയ്തു.
ഫാ.ഷിബു ജോസഫ് എസ്.ജെ. പുരസ്കാരജേതാക്കളെ പരിചയപ്പെടുത്തി. പി.എസ്.ശ്രീധരൻപിള്ള രചിച്ച വൃദ്ധവിഷാദം എന്ന കവിത പി.ടി.എ. പ്രസിഡന്റ് സുനിൽ ജോൺ ചടങ്ങിൽ അവതരിപ്പിച്ചു. കോളേജ് പ്രിൻസിപ്പാൾ നിഷ റാണി സ്വാഗതം ആശംസിച്ച ചടങ്ങിൽ രാജേഷ് എം., ഡോ.ലെനിൻ ലാൽ, ഡോ.രേണുക ഒ, ഡോ.ഡി.അനിൽകുമാർ എന്നിവർ സംസാരിച്ചു.


