
തിരുവനന്തപുരം: എസ്എടി ആശുപത്രിയിൽ ഓക്സിജൻ സിലിണ്ടറിലെ ഫ്ലോ മീറ്റർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ നഴ്സിംഗ് അസിസ്റ്റന്‍റിന് ഗുരുതര പരിക്കേറ്റതായി റിപ്പോർട്ട്. ആലപ്പുഴ നവായിക്കുളം സ്വദേശിയായ ഷൈല (51) യുടെ ഇടതു കണ്ണിനാണ് പരിക്കേറ്റത്.
നഴ്‌സിന്റെ ഒരു കണ്ണിന് 90 ശതമാനം കാഴ്ച നഷ്ടമായി.പീഡിയാട്രിക് അത്യാഹിത വിഭാഗത്തില്‍ ഓക്‌സിജന്‍ സിലിണ്ടറുമായി ബന്ധിപ്പിക്കുന്ന ഫ്‌ലോ മീറ്ററിലെ ഗ്ലാസ് ട്യൂബ് പൊട്ടിത്തെറിച്ചാണ് അപകടം നടന്നത്. വാല്‍വ് തുറന്നിരുന്നതും ഷൈല സിലിണ്ടറിന് അഭിമുഖമായി കുനിഞ്ഞു നിന്നതും അപകടത്തിന്റെ ആക്കം കൂട്ടിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
ഇന്നലെയാണ് അപകടം നടന്നത്. പരിശോധനയുടെ ഭാഗമായി ട്രോളിയില്‍ വച്ചിരുന്ന സിലിണ്ടറിലെ ഫ്‌ലോമീറ്റര്‍ തിരിച്ചതോടെ ഗ്ലാസ് ട്യൂബ് അടങ്ങിയ നോബ് പൊട്ടിത്തെറിക്കുകയായിരുന്നു. ഷൈലയുടെ കണ്ണിനുള്ളിലേക്കും മുഖത്തും ഇരുമ്പ് നോബും ചില്ലുകളും പതിച്ചു. മാത്രമല്ല കണ്ണിലെ ഞരമ്പുകള്‍ പൊട്ടുകയും ലെന്‍സിനു സാരമായി പരിക്കേല്‍ക്കുകയും ചെയ്തു.


